സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്കുള്ള പെര്‍മിറ്റില്‍ ഇളവ്, കേരളം മുഴുവന്‍ ഇനി സര്‍വീസ് നടത്താനായി പെര്‍മിറ്റ്

സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്കുള്ള പെര്‍മിറ്റില്‍ ഇളവ്. കേരളം മുഴുവന്‍ ഇനി മുതല്‍ ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനായി പെര്‍മിറ്റ് അനുവദിച്ചു. അപകട നിരക്ക് കൂട്ടുമെന്ന ഉദ്യോഗസ്ഥ അഭിപ്രായം മറികടന്നാണ് സംസ്ഥാന ട്രാന്‍സ്‌ഫോര്‍ട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം.പെര്‍മിറ്റില്‍ ഇളവ് അനുവദിക്കണമെന്ന് സിഐറ്റിയുവും ആവശ്യപ്പെട്ടിരുന്നു.

ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെര്‍മിറ്റ് നല്‍കിയിരുന്നത്.ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്തായിരുന്നു പെര്‍മിറ്റ് നിയന്ത്രിയിച്ചത്.പെര്‍മിറ്റില്‍ ഇളവ് വരുത്തണമെന്ന് ഓട്ടോറിക്ഷ യൂണിയന്റെ സി.ഐ.ടി.യു കണ്ണൂര്‍ മാടായി ഏരിയ കമ്മിറ്റി അപേക്ഷ നല്‍കിയിരുന്നു.മോട്ടോര്‍ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിരവധി പ്രാവശ്യം ഇക്കാര്യം ചര്‍ച്ച ചെയ്തു. ദീര്‍ഘദൂര പെര്‍മിറ്റുകള്‍ അനുവദിച്ചാല്‍ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിര്‍ദേശം.