ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ്: ‘നിബന്ധനകളോടെ പെര്‍മിറ്റ് നല്‍കാം’; നിലപാടിൽ അയവ് വരുത്തി സിഐടിയു
തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനത്തിൽ നിലപാടിൽ അയവ് വരുത്തി സിഐടിയു. ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കരുതെന്ന മുൻ നിലപാട് മാറ്റി നിബന്ധനകള്‍ക്ക് വിധേയമായി പെര്‍മിറ്റ് അനുവദിക്കാമെന്ന് സിഐടിയു വ്യക്തമാക്കി. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
അപേക്ഷിക്കുന്നവര്‍ക്ക് മാത്രം സംസ്ഥാന പെര്‍മിറ്റ് അനുവദിക്കുക, പ്രത്യേക ടാക്സ് ഈടാക്കാതിരിക്കുക എന്നീ നിബന്ധനകളാണ് സിഐടിയു മുന്നോട്ട് വെച്ചത്. ഒരു ജില്ലയിൽ പെർമിറ്റ് അനുവദിച്ച ഓട്ടോക്ക് സമീപമുളള ജില്ലകളിൽ കൂടി സവാരിക്ക് അനുമതി നൽകണമെന്നും സിഐടിയു യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സംസ്ഥാന പെര്‍മിറ്റിനെതിരായ നീക്കത്തില്‍ നിന്ന് സിഐടിയു പിൻവാങ്ങിയത്.
ഓട്ടോകൾക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചതിൽ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകമാണ് നേരത്തെ രംഗത്തെത്തിയത്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു സംസ്ഥാന നേതൃത്വം ഗതാഗത കമ്മീഷണർക്ക് കത്തും നല്‍കിയിരുന്നു. സിഐടിയു ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻെറ മാടായി ഏര്യാ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് സംസ്ഥാന ഗതാഗത അതോറിറ്റി സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള സുപ്രധാന തീരുമാനമെടുത്തത്. എന്നാല്‍, ഇതിനെതിരെ സംസ്ഥാന ഘടകം രംഗത്തെത്തുകയായിരുന്നു.