രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ വിവിധ തസ്തികളിലേക്ക് 3000 ത്തോളം അപേക്ഷകര്‍

അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ വിവിധ തസ്തികളിലേക്ക് 3000 ത്തോളം അപേക്ഷകര്‍. അപേക്ഷ നല്‍കിയവരില്‍ 200 പേരെ അഭിമുഖ പരീക്ഷയ്ക്ക് തെരെഞ്ഞെടുത്തു. ഇതില്‍ 20 പേര്‍ക്കാണ് നിയമനം ലഭിക്കുക.റാം മന്ദിർ തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇതിൽ 200 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി അഭിമുഖത്തിന് ക്ഷണിച്ചെന്നും ട്രസ്റ്റ് അറിയിച്ചു. അപേക്ഷ നല്‍കിയ 3000 ത്തോളം പേരില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ ആണ് അഭിമുഖത്തിനായി 200 പേരുടെ ചുരുക്ക പട്ടിക തയാറാക്കിയത്.

വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആസ്ഥാനമായ കർസേവക് പുരത്താണ് അഭിമുഖം. വൃന്ദാവനത്തിൽ നിന്നുള്ള പ്രഭാഷകന്‍ ജയ്കാന്ത് മിശ്ര, അയോധ്യയിലെ മഹന്തുമാരായ മിഥിലേഷ് നന്ദിനി ശരൺ, സത്യനാരായണ ദാസ് എന്നിവരുടെ പാനലാണ് അഭിമുഖം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവരെ പൂജാരിമാരായി നിയമിക്കും.