ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു; 28 കാരനായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തി
ബംഗ്ലാദേശില്‍ ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തില്‍ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. 28 കാരനായ ഓട്ടോഡ്രൈവർ സമീർ ദാസാണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രി ചിറ്റഗോംഗിലെ ദഗൻഭുയാനില്‍ വച്ചാണ് കൊലപാതകമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ജോലിക്ക് പോയ സമീർ, ഞായറാഴ്ച രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ തെരച്ചലിലാണ്. പുലർച്ചെ 2 മണിയോടെ തെക്കൻ കരീംപൂരിലെ മുഹുരി ബാരിക്ക് സമീപം രക്തത്തില്‍ കുതിർന്ന മൃതദേഹം കണ്ടെത്തിയത്. സമീറിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം കുത്തികൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അക്രമികള്‍ യുവാവിന്റെ ഓട്ടോറിക്ഷയുമായി കടന്നുകളഞ്ഞു. യുവാവിനെ കൊല്ലണം എന്ന് ഉറപ്പിച്ചാണ് അക്രമിസംഘം എത്തിയതെന്നാണ് റിപ്പോർട്ട്.
ബംഗ്ലാദേശില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ പത്തിലധികം ഹിന്ദു യുവാക്കള്‍ക്കാണ് ജീവൻ നഷ്ടമായത്. ന്യൂനപക്ഷ വംശഹത്യയില്‍ മനുഷ്യാവകാശ സംഘടനയായ ബംഗ്ലാദേശ് ഹിന്ദു ബുദ്ധമത ക്രിസ്ത്യൻ ഐക്യ കൗണ്‍സില്‍ ആശങ്ക പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് ഹിന്ദുക്കളോടുള്ള ബംഗ്ലാദേശ് ഭരണകൂടത്തിന്റെ സമീപനത്തെ ഇന്ത്യ അതിരൂക്ഷമായാണ് വിമർശിച്ചത്. അതേസമയം, അക്രമത്തിന്റെ വ്യാപ്തി ഇന്ത്യ പെരുപ്പിച്ചുകാണിക്കുകയാണെന്ന് ബംഗ്ലാദേശ് ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിന്റെ വാദം.
