ഓണക്കാലത്ത് 19000 കോടിയോളം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി

തിരുവനന്തപുരം. പ്രതിസന്ധിക്കിടയിലും എല്ലാ മേഖലകളിലും സർക്കാർ സഹായം ഉറപ്പ് വരുത്തിയെന്നും ഓണക്കാലത്ത് 19000 കോടിയോളം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി കെ എൻ ബാലഗോപാൽ. ബുദ്ധിമുട്ട് ഉണ്ടെങ്കിലും, എല്ലാ മേഖലകളിലും സർക്കാർ സഹായം ഉറപ്പ് വരുത്തുന്നുണ്ട്. സാമൂഹ്യക്ഷേമ പെൻഷൻ നേരത്തെ കൊടുത്തു തുടങ്ങി. 25 കോടിരൂപ ലോട്ടറി മേഖലയിൽ ബോണസായി നൽകി. കെഎസ്ആർടിസിക്ക് 70 കോടിരൂപ കൊടുക്കാൻ തീരുമാനിച്ചു. പാചകത്തൊഴിലാളികൾക്ക് 50 കോടിരൂപ നൽകി. കൺസ്യൂമർഫെഡിന് ഓണവിപണിക്കുള്ള ആദ്യഘട്ട പണം കൊടുത്തു. സിവിൽസപ്ലൈസ് കോർപറേഷനും പണം അനുവദിച്ചു. കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് എത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ അവസരത്തിലും യുഡിഎഫ് എംപിമാർ കേരളത്തെ വഞ്ചിക്കുകയാണ്. കേരളത്തിൽ സാമ്പത്തിക ഉപരോധം നടത്താൻ ശ്രമിക്കുന്ന ബിജെപി താൽപര്യത്തിനൊപ്പമാണ് യുഡിഎഫ് എംപിമാർ എന്നും അദ്ദേഹം കൂട്ടിചേർത്തു.