ബന്ദ് പ്രചാരണം; പോലീസിനോട് സജ്ജമായിരിക്കാന്‍ ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: അഗ്നിപഥ് വിഷയത്തിൽ ചില സംഘടനകൾ തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചതായി സോഷ്യൽ മീഡിയയിൽ വ്യാപകമായ വാർത്ത പടർന്നിരുന്നു. ഇതിനെ തുടർന്ന് സജ്ജരായിരിക്കാൻ ഡിജിപി അനിൽ കാന്ത് പോലീസിന് നിർദേശം നൽകി. പൊതുജനങ്ങൾക്കെതിരായ അക്രമവും പൊതുമുതൽ നശിപ്പിക്കലും കർശനമായി നേരിടുമെന്ന് സംസ്ഥാന പൊലീസ് മീഡിയ സെല്ലിന്റെ ഫേസ്ബുക്ക് പേജിൽ പൊലീസ് അറിയിച്ചു.

അക്രമത്തിൽ ഏർപ്പെടുകയും വ്യാപാര സ്ഥാപനങ്ങൾ ബലം പ്രയോഗിച്ച് അടച്ചുപൂട്ടുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനയോടും തിങ്കളാഴ്ച 24 മണിക്കൂറും ഡ്യൂട്ടിയിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതികൾ, വൈദ്യുതി ബോർഡ് ഓഫീസുകൾ, കെ.എസ്.ആർ.ടി.സി, മറ്റ് സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നൽകാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കും. സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. ഞായറാഴ്ച രാത്രി മുതൽ പ്രധാന സ്ഥലങ്ങളിൽ പോലീസ് പിക്കറ്റിംഗും പട്രോളിംഗും നടത്തും.