5000 ടണ്‍ മത്സ്യം ഇന്ത്യയിലേയ്‌ക്ക് കയറ്റുമതി ചെയ്യാൻ ബംഗ്ലാദേശ്‌

അടുത്ത മാസം ദുർഗാപൂജയ്ക്ക് മുന്നോടിയായി 5,000 ടൺ മത്സ്യം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുകയാണ് ബംഗ്ലാദേശ്‌. ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് എല്ലാ വർഷവും ദുർഗാപൂജയോടനുബന്ധിച്ച് ഇന്ത്യയിലേക്ക് മത്സ്യം കയറ്റുമതി ചെയ്യാറുണ്ടെന്ന് ബംഗ്ലാദേശ് വാണിജ്യ വകുപ്പ് സെക്രട്ടറി തപാന്‍ താന്തി ഗോഷ്‌ പറഞ്ഞു.

ദുർഗ്ഗാ പൂജാ സമയത്താണ് ഇന്ത്യയിൽ മത്സ്യത്തിന് ആവശ്യക്കാർ കൂടുതലുള്ളത്. കഴിഞ്ഞ തവണ 1,400 ടൺ ഹിൽസ മത്സ്യം മാത്രമാണ് കയറ്റുമതി ചെയ്യാൻ കഴിഞ്ഞത്. എന്നിരുന്നാലും, ഈ വർഷം ഇരട്ടിയിലധികം അളവിൽ മത്സ്യം കയറ്റുമതി ചെയ്യാനാണ് പദ്ധതിയിടുന്നതെന്ന് തപൻ താന്തി ഗോഷ്‌ വ്യക്തമാക്കി.

ബംഗ്ലാദേശിൽ നിന്നുള്ള ഹിൽസയുടെ ആദ്യ ചരക്ക് കഴിഞ്ഞ തവണ ബെനാപോൾ-പെട്രാപോൾ അതിർത്തി വഴിയാണ് കൊൽക്കത്തയിലെത്തിയത്. 2012 മുതൽ 2018 വരെ കയറ്റുമതി നിർത്തിവച്ചിരുന്നെങ്കിലും 2019 മുതൽ കയറ്റുമതി സാധാരണ നിലയിലായിരുന്നു. ഒക്ടോബർ 1 മുതലാണ് ദുർഗാപൂജ ആരംഭിക്കുന്നത്.