‘ജെസിഐ ഇന്ത്യൻ ഔട്ട്സ്റ്റാന്റിം​ഗ് യങ് പേഴ്സൺ’ പുരസ്കാരം ബേസിൽ ജോസഫിന്

മലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസിൽ ഒരു നടനെന്ന നിലയിലും വെള്ളിത്തിരയിൽ തിളങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ബേസിലിന് കഴിഞ്ഞു. ഇപ്പോൾ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിം​ഗ് യങ് പേഴ്സൺ അവാർഡും ബേസിലിനെ തേടി എത്തിയിരിക്കുകയാണ്.

അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ ടെണ്ടുൽക്കർ, പി.ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്ത വ്യക്തിത്വങ്ങൾ നേടിയിട്ടുള്ള പുരസ്കാരമാണ് ബേസിൽ ജോസഫിനു ലഭിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യൻ സിനിമയുടെ വിശാലമായ ലോകത്ത് നടനായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിക്കുകയും ആഗോള ശ്രദ്ധ നേടുകയും ചെയ്ത യുവ കലാകാരനുള്ള ജെസിഐ ഇന്ത്യയുടെ അംഗീകാരമാണ് ഈ പുരസ്കാരം. ഡിസംബർ 27ന് നടക്കുന്ന നാറ്റ്കോൺ ഉദ്ഘാടനച്ചടങ്ങിൽ മറ്റ് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ താരത്തിനു പുരസ്കാരം സമ്മാനിക്കും.