ബാസ്‍കറ്റ്ബോള്‍ താരം ബ്രിട്‍നിയെ മോചിപ്പിച്ചു; ആയുധവ്യാപാരിയെ റഷ്യയ്ക്ക് കൈമാറി യുഎസ്
ദുബായ്: “മരണത്തിന്‍റെ വ്യാപാരി” എന്നറിയപ്പെടുന്ന കുപ്രസിദ്ധ ആയുധ ഇടപാടുകാരനായ വിക്ടർ ബൗട്ടിനെ റഷ്യയ്ക്ക് കൈമാറിയ ശേഷം ബാസ്ക്കറ്റ്ബോൾ താരം ബ്രിട്ട്നി ഗ്രെയ്നറെ അമേരിക്ക മോചിപ്പിച്ചു. യു.എ.ഇ.യിലെ അബുദാബിയിലാണ് രണ്ടുപേരെയും ഇരുരാജ്യങ്ങളും പരസ്പരം കൈമാറിയത്. ബ്രിട്ട്നി ഗ്രെയ്നർ സുരക്ഷിതയാണെന്നും യു.എ.ഇയിൽ നിന്ന് പുറപ്പെട്ടെന്നും യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. വിക്ടർ ബൗട്ട് നാട്ടിലേക്ക് മടങ്ങിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ജൂലൈ മുതൽ ബ്രിട്ട്‌നിയെ റഷ്യയിൽ നിന്ന് മോചിപ്പിക്കാൻ യുഎസ് സർക്കാർ ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ട്‌നിക്ക് പുറമെ, 2018 ൽ റഷ്യയിൽ പിടിയിലായ അമേരിക്കൻ നാവികൻ പോൾ വീലനെയും മോചിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ പോൾ വീലനെ കൈമാറാൻ റഷ്യ വിസമ്മതിച്ചു.
കുറ്റവാളികളെ കൈമാറുന്നതിന് മറ്റാരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. റഷ്യയും അമേരിക്കയും തമ്മിൽ മാത്രമാണ് കരാർ ചർച്ച ചെയ്തതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.