ലോകത്തിലെ ഏറ്റവും മികച്ച അരിയായി ഇന്ത്യയുടെ ബസുമതിയെ തിരഞ്ഞെടുത്തു
ബസുമതിക്ക് അംഗീകാരം. ലോകത്തെ ഏറ്റവും മികച്ച അരിയായി ഇന്ത്യയില്‍ നിന്നുള്ള ബസുമതിയെ തിരഞ്ഞെടുത്തു. ജനപ്രിയ ഫുഡ് ആന്റ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് നടത്തുന്ന 2023-24 വര്‍ഷാവസാന അവാര്‍ഡുകളുടെ ഭാഗമായാണ് ഈ അംഗീകാരം.
അരികളില്‍ വൈവിധ്യമേറെയുണ്ട്. നമ്മള് സാധാരണഗതിയില്‍ ചോറ് തയാറാക്കാനായി ഉപയോഗിക്കുന്ന അരികളില്‍ തന്നെ വറൈറ്റികള്‍ പലതുണ്ട്. എന്നാല്‍ വിശേഷാവസരങ്ങളാകുമ്പോള്‍ മുന്തിയ ഇനം അരിയേ നമ്മള് തെരഞ്ഞെടുക്കാറുള്ളൂ. അത്തരത്തില്‍ ഏറെയും തെരഞ്ഞെടുക്കപ്പെടുന്ന അരിയാണ് ബസുമതി.
ഇന്ത്യയിലും പാക്കിസ്ഥാനിലും കൃഷി ചെയ്യുന്ന ഒരു നീണ്ടതരം അരിയാണ് ബസുമതി അരി. മറ്റ് അരികളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ സ്വാദും മണവുമാണ്. ഒട്ടിപ്പിടിക്കാത്ത തരത്തിലുള്ളതാണ് ഈ അരി. കറികളുടേയും സോസുകളുടേയെല്ലാം കൂടെ കഴിക്കാന്‍ നല്ലതുമാണ്. നീളമനുസരിച്ച് അരിയുടെ ഗുണനിലവാരവും കൂടും. നേരിയ സ്വര്‍ണനിറമാണ് ഇതിനുള്ളത്.
ബസുമതിക്ക് പിന്നാലെ ഇറ്റലിയില്‍ നിന്നുള്ള അര്‍ബോറിയോ അരിയും പോര്‍ച്ചുഗലില്‍ നിന്നുള്ള കരോലിനോ അരിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. സ്പെയിനില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള നെല്ലിനങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്ള മറ്റു റാങ്കുകള്‍ നേടിയത്.
അരിയുടെ ഗുണമേന്മയുടെ കാര്യത്തിലായാലും രുചിയുടെയും ഗന്ധത്തിന്റെയും കാര്യത്തിലായാലും ഏറെ മുന്നില്‍ നില്ക്കുന്ന അരിയാണ് ബസുമതി. പുലാവ്, ബിരിയാണി എന്നിങ്ങനെ ആളുകളുടെ ഇഷ്ടവിഭവങ്ങള്‍ തയ്യാറാക്കാനെല്ലാം ഏറ്റവുമാദ്യം പരിഗണിക്കുന്ന അരി കൂടിയാണിത്.
വേവിച്ചുകഴിഞ്ഞാല്‍ പരസ്പരം ഒട്ടിക്കിടക്കാത്ത തരം അരിയാണ് ബസുമതി. ഇതാണ് ബസുമതിയുടെ ഒരു സവിശേഷതയായി കണക്കാക്കപ്പെടുന്നത്. പരസ്പരം ഒട്ടുന്നില്ല എന്നതിനാല്‍ തന്നെ ഏത് കറിക്കൊപ്പം കഴിക്കുമ്പോഴും കറിയുമായി ഈ റൈസ് ചേര്‍ന്നുകിടക്കും. ഇത് കഴിക്കുമ്പോള്‍ രുചി ഇരട്ടിക്കും.