ഇനി ബി.ഡി.എസും അഞ്ചര വർഷം; കരട് മാർഗനിർദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചു

ന്യൂഡല്‍ഹി: എംബിബിഎസ് പോലെ, ബിഡിഎസും (ഡെന്‍റൽ യുജി) അഞ്ചര വര്‍ഷമാകുന്നു. സെമസ്റ്റർ സമ്പ്രദായം, ഒരു വർഷത്തെ നിർബന്ധിത ഇന്റേണ്‍ഷിപ്പ്, പുതിയ വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന് ഡെന്‍റൽ കൗണ്‍സില്‍ ഓഫ് ഇന്ത്യ കരട് മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു.

പാഠ്യപദ്ധതിയിലെ പ്രധാന മാറ്റം കോഴ്സിന്‍റെ ദൈർഘ്യം വർദ്ധിപ്പിക്കുക എന്നതാണ്. നിലവിൽ, നാല് വർഷത്തെ കോഴ്സും ഒരു വർഷത്തെ ഇന്‍റേൺഷിപ്പും എന്നത് (ഹൗസ് സര്‍ജന്‍സി) നാലര വർഷത്തെ കോഴ്സും എംബിബിഎസിന് സമാനമായ ഒരു വർഷത്തെ ഇന്‍റേൺഷിപ്പും ആയി മാറും.

വാർഷിക സമ്പ്രദായം നിർത്തലാക്കി സെമസ്റ്റർ സമ്പ്രദായം നടപ്പാക്കും. ആകെ ഒമ്പത് സെമസ്റ്ററുകൾ. ഓരോന്നിലും നാല് വിഷയങ്ങൾ. ആദ്യത്തെ രണ്ടെണ്ണം പൂർത്തിയാക്കിയ ശേഷം, അടുത്തത് പഠിക്കാനുള്ള അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് മേലുള്ള അധിക സമ്മർദ്ദം ഒഴിവാക്കാനാണിത്. കോഴ്സുകളെ ഇലക്ടീവ്, ഫൗണ്ടേഷൻ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കും. മെഡിക്കൽ ബയോഎത്തിക്സ് ഉൾപ്പെടെയുള്ള കോഴ്സുകൾ ഫൗണ്ടേഷനിൽ ഉൾപ്പെടുത്തും. സ്ലീപ് ഡെന്റിസ്ട്രി, ഫൊറന്‍സിക് ഓഡന്റോളജി, സാമൂഹികനീതി, യോഗ, പരിസ്ഥിതിശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ഇലക്ടീവിൽ ഉൾപ്പെടും. സ്പോർട്സ്, യോഗ തുടങ്ങിയ വിഷയങ്ങൾക്ക് പ്രത്യേകം ക്രെഡിറ്റ് പോയിന്‍റുകൾ നൽകും. ഇതിലൂടെ, വിദ്യാർത്ഥികൾക്ക് അക്കാദമിക് വിഷയങ്ങള്‍ക്കൊപ്പം മറ്റ് വിഷയങ്ങളിൽ പ്രാവീണ്യം നേടാൻ കഴിയും.