പ്രധാന ബീച്ചുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണം: ജില്ലാ വികസന സമിതി യോഗം
ജില്ലയിലെ പ്രധാന ബീച്ചുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗം. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എയാണ് യോഗത്തിൽ ഈ വിഷയം ഉന്നയിച്ചത്. ഭരണാനുമതിയായ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ ക്വാറി ഉൽപന്നങ്ങളുടെ വില ഏകീകരിക്കണമെന്നും ക്വാറി മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്നും കെ പി മോഹനൻ എം എൽ എ ആവശ്യപ്പെട്ടു. ആലക്കോട് -പൂരക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിനടുത്ത് കരസംരക്ഷണത്തിനായി 1.05 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സാമ്പത്തികാനുമതിക്ക് സമർപ്പിച്ചതായി മൈനർ ഇറിഗേഷൻ എക്‌സി.എഞ്ചിനീയർ അറിയിച്ചു. വിജിൻ എം എൽ എ യുടെ യോഗ നിർദ്ദേശത്തെ തുടർന്നാണിത്.
കവ്വായി ബോട്ട് ജെട്ടി നിർമ്മാണ ഭാഗമായി ഡ്രെഡ്ജ് ചെയ്ത മണൽ ലേലം ചെയ്ത് നീക്കന്നതിന് റീ ടെണ്ടർ വെച്ചതായി ഇൻലാന്റ് നാവിഗേഷൻ എക്‌സി. എഞ്ചിനീയർ അറിയിച്ചു. ടി ഐ മധുസൂദനൻ എം എൽ എ യുടെ യോഗ നിർദ്ദേശത്തെ തുടർന്നാണിത്.
പയ്യന്നൂർ നഗരസഭാ കുടിവെള്ള പദ്ധതിയുടെ കിണർ നിർമ്മാണവുമായി ബന്ധപ്പെട്ട് കെ ഐ ഐ ഡി സി എക്‌സി. എഞ്ചിനീയർ, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ, മൈനർ ഇറിഗേഷൻ എക്‌സി. എഞ്ചിനീയർ, പയ്യന്നൂർ നഗരസഭാ സെക്രട്ടറി എന്നിവരുടെ സംയുക്ത യോഗം ചേർന്ന് ധാരണയിലെത്താൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർദ്ദേശം നൽകി.
തളിപ്പറമ്പ് മണ്ഡലത്തിലെ ചപ്പാരപ്പടവ് പഞ്ചായത്തിലെ തടിക്കടവ് ഹയർ സെക്കണ്ടറി സ്‌കൂൾ, പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി ഹൈസ്‌കൂൾ, കുറ്റിയാട്ടൂർ പഞ്ചായത്തിലെ ചുട്ടകപ്പാറ ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരുന്നതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേനെ തടിക്കടവ്,
കുറ്റ്യേരി സ്‌കൂളുകൾക്ക് ഓരോ കോടി രൂപയും ചട്ടുകപ്പാറ സ്‌കൂളിന് 1.30 കോടി രൂപയുമാണ് അനുവദിച്ചത്. പണം അനുവദിച്ച് വർഷമൊന്നായിട്ടം നിർമ്മാണ പ്രവൃത്തികൾ നീങ്ങുന്നില്ലെന്ന എം വി ഗോവിന്ദൻ എം എൽ എ യുടെ പ്രതിനിധിയുടെ യോഗ നിർദ്ദേശത്തെ തുർന്നാണിത്.
പഴശ്ശി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണം, ജലസേചനം എന്നിവയുടെ കാര്യത്തിൽ കൃത്യമായ ആസൂത്രണം കൈക്കൊള്ളണമെന്നും അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള മുന്നൊരുക്കം വേണമെന്നും സണ്ണി ജോസഫ് എം എൽ എ നിർദ്ദേശിച്ചു.
പേരാവൂർ മണ്ഡലത്തിലെ റോഡുകൾ മെയിന്റനൻസ് റണ്ണിംഗ് കോൺട്രാക്ടിൽ
ഉൾപ്പെടുത്തി അറ്റകുറ്റപണികൾ നടത്തുന്നുണ്ടെന്നും പൂർണമായും തകർന്ന റോഡുകളുടെ പുനർനിർമ്മാണത്തിന് പുതിയ പ്രൊപ്പോസലുകൾ സമർപ്പിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് റോഡ്, മെയിൻറനൻസ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ അറിയിച്ചു. എടക്കാട് പി എച്ച്‌സിയിലെ ഡയാലിസിസ് യൂണിറ്റ് മെയ് ആദ്യവാരത്തോടെ പ്രവർത്തിപ്പിക്കുമെന്ന് കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.
ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. എം എൽ എ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, സണ്ണി ജോസഫ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, മറ്റ് ജനപ്രതിനിധികളുടെ പ്രതിനിധികൾ, സബ് കലക്ടർ സന്ദീപ് കുമാർ, ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണർ ഡി ആർ മേഘശ്രീ, അസിസ്റ്റന്റ് കലക്ടർ മിസൽ സാഗർ ഭരത്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ടി രാജേഷ് എന്നിവർ പങ്കെടുത്തു.