Latestദേശീയം

സ്കൂള്‍ ബസ് ബൈക്കിലിടിച്ച്‌ പിഞ്ചുകുട്ടികള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു.സ്കൂള്‍ ബസ് ബൈക്കിലിടിച്ച്‌ പിഞ്ചുകുട്ടികള്‍ക്ക് ദാരുണാന്ത്യം.ബെംഗളൂരുവിലെ തനിസാന്ദ്രയില്‍ ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. തനിസാന്ദ്രയിലെ സിഎആർ വിഭാഗത്തില്‍ കോണ്‍സ്റ്റബിളായ നാഗനഗൗഡ, ഇന്ന് രാവിലെ പാല്‍ വാങ്ങാനായി തന്റെ ബൈക്കില്‍ രണ്ട് കുട്ടികളുമായി വീടിന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. തനിസാന്ദ്രയിലെ പ്രധാന റോഡിലൂടെ പോകുമ്പോള്‍ എതിർ ദിശയിലെത്തിയ സ്കൂള്‍ ബസ് ബൈക്കിലിടിച്ചാണ് അപകടം. അജ്മോനി സ്കൂളിന്റെ ബസാണ് ബൈക്കില്‍ ഇടിച്ചത്. ബൈക്ക് കണ്ടതോടെ പെട്ടന്ന് വെട്ടിച്ച ബസ് നിയന്ത്രണം വിട്ട് നാഗനഗൗഡയുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ബസ്സിടിച്ചതിൻ്റെ ആഘാതത്തില്‍ നാഗനഗൗഡയും രണ്ട് കുട്ടികളും റോഡിലേക്ക് തെറിച്ചുവീണു. കുഞ്ഞുങ്ങള്‍ വീണത് ബസിന്റെ ടയറുകള്‍ക്ക് അടിയിലേക്കായിരുന്നു. ഡ്രൈവർ ബ്രേക്ക് ചെയ്യുമ്പോഴേക്കും ബസ് കുട്ടികളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടും നാലും വയസ്സുള്ള കുരുന്നുകള്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ബൈക്കോടിച്ചിരുന്ന നാഗനഗൗഡയ്ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ നാഗനഗൗഡയുടെ മകള്‍ വർഷ (2), സഹോദരന്റെ മകള്‍ ഭാനു (4) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.