അമിതവേഗത്തില്‍ വന്ന ബൈക്കിടിച്ച് എച്ച്‌ഡിഎഫ്സി ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം
ബെംഗളൂരു രാജാജിനഗറില്‍ അമിതവേഗത്തില്‍ വന്ന ബൈക്കിടിച്ച് എച്ച്‌ഡിഎഫ്സി ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം.ബെംഗളൂരു കെംപഗൗഡ ലേഔട്ടില്‍ താമസിക്കുന്ന യോഗേശ്വരി (27) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെ ഡോ. രാജ്കുമാർ റോഡിലായിരുന്നു അപകടം.
ബാങ്കില്‍ നിന്ന് സുഹൃത്തിനൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ പോകുകയായിരുന്നു യോഗേശ്വരി. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന ബൈക്ക് യോഗേശ്വരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണ യോഗേശ്വരിക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനും പരുക്കേറ്റിട്ടുണ്ട്.
യുവതിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം ബെഗളൂരു വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
