ബിഹാറില്‍ വന്ദേഭാരത് ഇടിച്ച് മൂന്ന് മരണം; രണ്ട് പേര്‍ക്ക് പരിക്ക്
ബിഹാറില്‍ പൂർണിയ ജില്ലയിലെ ജബൻപൂരിന് സമീപം വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.ജോഗ്ബാനില്‍ നിന്ന് ദാനപൂരിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. കൈതാർ-ജോഗ്ബാനി റെയില്‍വേ ലൈനില്‍ വെച്ചാണ് അപകടം. പരിക്കേറ്റവരെ പൂർണിയയിലെ സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദസറ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് അധികൃതർ അറിയിച്ചത്. അപകട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്കയച്ചു. ഒരാഴ്ചക്കിടെ ബിഹാറില്‍ വന്ദേഭാരത് രണ്ടാമത്തെ തവണയാണ് അപകടത്തില്‍പ്പെടുന്നത്. സെപ്റ്റംബർ 30 ന് സഹർസയിലെ ഹതിയാഗച്ചി റെയില്‍വേ ക്രോസിംഗിന് സമീപമുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.
