കേരളത്തിലെ വിസി നിയമനം രാജ്യസഭയില്‍ ഉന്നയിച്ച് ബിജെപി വക്താവ് രാധാ മോഹന്‍ അഗർവാൾ
ന്യൂഡല്‍ഹി: വിവാദമായ കേരളത്തിലെ വൈസ് ചാൻസലർ നിയമന വിഷയം ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപി രാജ്യസഭയിൽ ഉന്നയിച്ചു. ബി.ജെ.പിയുടെ കേരള ഘടകത്തിന്‍റെ ചുമതലയുള്ള രാധാ മോഹൻ അഗർവാളാണ് വിഷയം സഭയിൽ ഉന്നയിച്ചത്. അനധികൃതമായി നിയമിച്ച വൈസ് ചാൻസലർമാരുടെ നിയമനം റദ്ദാക്കാൻ യുജിസിക്ക് നിർദേശം നൽകണമെന്ന് അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു.
കേരളത്തിലെ സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിഷയം സഭയിൽ ഉന്നയിച്ചത്. കണ്ണൂർ സർവകലാശാല ഉൾപ്പെടെയുള്ള കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിച്ചത് നിയമവിരുദ്ധമായിട്ടാണെന്നും വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിസി നിയമന വിവാദം രാജ്യസഭയിലേക്ക് കൊണ്ടുവന്നതോടെ കേരളത്തിൽ പാർട്ടി ഉയർത്തുന്ന പ്രശ്നങ്ങൾ ദേശീയ തലത്തിലും ചർച്ച ചെയ്യാൻ ബിജെപിക്കായി. അട്ടപ്പാടിയിലെ ശിശുമരണ വിഷയവും രാധാ മോഹൻ അഗർവാൾ കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു.