സോറന് ബിജെപി ഭീഷണി; ജാർഖണ്ഡിൽ റിസോർട്ട് രാഷ്ട്രീയം

ന്യൂഡൽഹി: ബി.ജെ.പിയുടെ ഹൈജാക്ക് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജാർഖണ്ഡ് ഭരണകക്ഷി റിസോർട്ട് രാഷ്ട്രീയം ആരംഭിച്ചു. മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അയോഗ്യതാ ഭീഷണി നിൽക്കെയാണ് റായ്പൂരിലെ മേയ് ഫ്ലവർ റിസോർട്ടിലേക്ക് ഭരണകക്ഷി എം.എൽ.എമാരെ മാറ്റിയത്. കോൺഗ്രസ് ഭരിക്കുന്ന അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറനും എംഎൽഎമാരും എത്തി.

ചൊവ്വാഴ്ച ഉച്ചയോടെയാണ് എംഎൽഎമാർ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് റാഞ്ചി വിമാനത്താവളത്തിലേക്ക് രണ്ട് ബസുകളിൽ പുറപ്പെട്ടത്. എയർപോർട്ടിൽ അവർക്കായി ചാർട്ടർ ചെയ്ത വിമാനം തയ്യാറായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് എംഎൽഎമാർ ബസിൽ വിമാനത്താവളത്തിലേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റായ്പൂരിലെ മെയ്ഫ്ലവർ റിസോർട്ടിൽ എംഎൽഎമാർ എത്തുന്നതിന്‍റെ ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ടു.

ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള 43 എം.എൽ.എമാർ ശനിയാഴ്ച ഖുംതി ജില്ല സന്ദർശിച്ചിരുന്നു. ഇത് ധാരാളം ഊഹാപോഹങ്ങൾക്ക് കാരണമായി. ഹേമന്ദ് സോറന്റെ അയോഗ്യത ബി.ജെ.പി. മുതലെടുത്ത് നിലവിലെ സർക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യത നിലനിൽക്കുന്നുവെന്ന് ഝാര്‍ഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) കരുതുന്നുണ്ടെന്ന് റിപ്പോർട്ടകൾ വന്നിരുന്നു.