Latestകേരളം

കള്ളക്കടല്‍ പ്രതിഭാസം: കേരളത്തിലെ തെക്കൻ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തി രുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.തിരുവനന്തപുരത്തെ കാപ്പില്‍ മുതല്‍ പൊഴിയൂർ വരെയുള്ള ഭാഗങ്ങളിലും, കൊല്ലത്തെ ആലപ്പാട്ട് മുതല്‍ ഇടവ വരെയുള്ള തീരങ്ങളിലും ഇന്ന് ഉച്ചയ്ക്ക് 02.30 മുതല്‍ മാർച്ച്‌ 16 രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഈ കാലയളവില്‍ 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. സമാനമായ രീതിയില്‍ കന്യാകുമാരി തീരത്തും മാർച്ച്‌ 16 രാത്രി വരെ ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ഗവേഷണ കേന്ദ്രം വ്യക്തമാക്കി.കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള അപകട മേഖലകളില്‍ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കാൻ തയ്യാറാകണം. ഈ സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമായതിനാല്‍ അത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

മത്സ്യബന്ധന യാനങ്ങളും (ബോട്ട്, വള്ളം, മുതലായവ) മറ്റ് ഉപകരണങ്ങളും ഹാർബറുകളില്‍ സുരക്ഷിതമായി കെട്ടിയിട്ട് സംരക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാൻ നിശ്ചിത അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ജാഗ്രതാ നിർദ്ദേശം പിൻവലിക്കുന്നത് വരെ ബീച്ചുകളിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അറിയിപ്പില്‍ പറയുന്നു.