നീല കാര്‍ഡുകാര്‍ക്ക്‌ 10.90 രൂപയ്‌ക്ക്‌ അരി നല്‍കുന്നത്‌ പരിഗണനയില്‍

തിരുവനന്തപുരം : നീല കാര്‍ഡുകാര്‍ക്കും 10.90 രൂപയ്ക്ക് ജൂലൈ മുതല്‍ റേഷൻകടവഴി അരി വിതരണം ചെയ്യുന്നത് പരിഗണിക്കാമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍.
റേഷൻ വ്യാപാരികളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ നീല കാര്‍ഡിലെ ഒരംഗത്തിന് കിലോക്ക് നാലുരൂപ വീതം രണ്ട് കിലോ അരിയാണ് അനുവദിക്കുന്നത്. ആറുകിലോ അധികമായി കിലോക്ക് 10.90 രൂപ നിരക്കില്‍ നല്‍കാനാണ് ആലോചന. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ സജിത് ബാബുവും ഭക്ഷ്യ, ധന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

മറ്റ് പ്രധാന തീരുമാനങ്ങള്‍

● റേഷൻകട നവീകരണത്തിന് നാലുശതമാനം പലിശയ്ക്ക് ഫെഡറല്‍ ബാങ്കില്‍നിന്ന് വായ്പ ലഭ്യമാക്കും
● റേഷൻ കടകള്‍ക്കും കെ–- ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷൻ
● കമീഷൻ എല്ലാ മാസവും 11 മുതല്‍ വിതരണം ചെയ്യും. ഏപ്രിലിലെ കമീഷൻ ഉടൻ നല്‍കും. മെയ് മാസത്തേത് 14 മുതല്‍.
● ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയശേഷം റേഷൻ കടക്കാര്‍ക്കുള്ള ഗുണദോഷങ്ങള്‍ പഠിക്കാൻ കമീഷനെ നിയമിക്കും
● ആട്ടയ്ക്ക് ഒരേ കളര്‍ പായ്ക്കറ്റ്
● റേഷൻ വ്യാപാരികള്‍ക്ക് നല്‍കുന്ന കമീഷന് പേ സ്ലിപ് നല്‍കും
● റേഷൻ കട ലൈസൻസിക്ക് രണ്ടുമാസംവരെ പ്രത്യേക അവധി അനുവദിക്കും
● പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ, പഞ്ചായത്തിലെ റേഷൻ കടയിലെ സെയില്‍സ്മാന് ഒഴിവുവരുന്ന റേഷൻ കട അനുവദിക്കുമ്ബോള്‍ മുൻഗണന

ഭക്ഷ്യധാന്യങ്ങള്‍ രണ്ടുമാസംവരെ കടമായി അനുവദിക്കും