Latestദേശീയം

മോർച്ചറിയില്‍ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒരു വർഷത്തിന് ശേഷം അറസ്റ്റില്‍

മോർച്ചറിയില്‍ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒരു വർഷത്തിന് ശേഷം അറസ്റ്റില്‍.മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഖാക്നർ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ഒരു വർഷം മുമ്ബ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതിനുപിന്നാലെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മൃതദേഹത്തെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ മെഡിക്കല്‍ ഓഫീസർ ഡോ. ആദ്യ ദവാർ പരാതി നല്‍കുകയായിരുന്നെന്ന് എഎസ്പി അന്ദർ സിങ് കനേഷ് പറഞ്ഞു. തുടർന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍, 2024 ഏപ്രില്‍ 18ന് പുലർച്ചെ 6.45നാണ് സംഭവം നടന്നതെന്ന് വ്യക്തമായി.

ഒരാള്‍ മോർച്ചറിയിലെ സ്ട്രറ്റ്ച്ചറില്‍ നിന്ന് മൃതദേഹം താഴേക്ക് വലിച്ചിട്ട ശേഷം വലിച്ചിഴച്ചുകൊണ്ടുപോവുന്നത് ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ എസ്പി ദേവേന്ദ്ര പടീദാരിന്റെയും സബ് ഡിവിഷനല്‍ ഓഫീസർ നിർഭയ് സിങ് അലാവയുടേയും നിർദേശപ്രകാരം ഒരു അന്വേഷണം സംഘം രൂപീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

സ്റ്റേഷൻ ഹൗസ് ഓഫീസർ അഭിഷേക് ജാധവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ താൻഗിയാപട്ട് സ്വദേശിയായ 25കാരൻ നീലേഷ് ഭിലാലയാണ് പ്രതിയെന്ന് വ്യക്തമായി. തുടർന്ന്, ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രതിയെ ബുർഹാൻപൂരിലെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി. ആരോഗ്യ കേന്ദ്രത്തിലെ പോസ്റ്റ്‌മോർട്ടം വിഭാഗത്തില്‍ പ്രതി എങ്ങനെ പ്രവേശിച്ചുവെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു