എലിസബത്ത് രാജ്ഞിയോട് വിട പറയാൻ ബ്രിട്ടൻ; പ്രസിഡന്റ് മുർമു ചാൾസ് രാജാവിനെ കണ്ടു

ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടൻ ഇന്ന് വിട പറയും. സംസ്കാരച്ചടങ്ങുകൾക്കായി കുറഞ്ഞത് 1 ദശലക്ഷം ആളുകൾ ലണ്ടനിൽ എത്തുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപദി മുർമു ബക്കിംഗ്ഹാം കൊട്ടാരം സന്ദർശിക്കുകയും ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സംസ്കാരത്തിന് മുമ്പ് രാജ്യം രണ്ട് മിനിറ്റ് മൗനം ആചരിക്കും.

ബ്രിട്ടീഷ് സമയം രാവിലെ 11 മണിക്ക് വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് മൃതദേഹം കൊണ്ടുപോകും. 8 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയിൽ 1,600 സൈനികരുടെ അകമ്പടി ഉണ്ടാവും. 10,000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

സംസ്കാരത്തിനുള്ള അവസാന ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രണ്ട് തവണ റിഹേഴ്സലും നടത്തി. രാജ്ഞിയുടെ അന്ത്യാഭിലാഷ പ്രകാരം പൈപ്പറിൽ വിലാപഗാനം ആലപിച്ച് കൊണ്ടാകും ചടങ്ങുകൾ ആരംഭിക്കുക. ബ്രിട്ടൻ കണ്ട ഏറ്റവും ബൃഹത്തായ ചടങ്ങുകളിലൊന്നായിരിക്കും ഇത്. മൃതദേഹ പേടകം വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് കൊണ്ടുപോകുന്ന വിലാപ ഘോഷയാത്രയോടെ ശുശ്രൂഷകൾ ആരംഭിക്കും. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ ചടങ്ങുകൾക്ക് ശേഷം ഘോഷയാത്ര വെല്ലിങ്ടൺ ആർച്ചിലേക്ക് നീങ്ങും. അവിടെ നിന്ന് മൃതദേഹം വിൻഡ്സർ കൊട്ടാരത്തിലേക്ക് കൊണ്ടുപോകും.

വിൻഡ്സർ ഡീൻ, രാജകുടുംബാംഗങ്ങൾ, പേഴ്സണൽ സ്റ്റാഫ് എന്നിവരുടെ സാന്നിധ്യത്തിൽ വൈകിട്ട് നാലിന് സെന്‍റ് ജോർജ് ചാപ്പലിൽ ചടങ്ങിന്‍റെ രണ്ടാം ഭാഗം നടക്കും. കാന്‍റർബറി ആർച്ച് ബിഷപ്പ് ഡോ. ജസ്റ്റിൻ വെൽബി, മൃതദേഹ പേടകം രാജകീയ നിലവറയിലേക്ക് മാറ്റുമ്പോഴുള്ള പ്രാർത്ഥനകൾക്കും സമാപന ആശീർവാദത്തിനും മുഖ്യകാർമികത്വം വഹിക്കും. അടുത്ത ബന്ധുക്കൾക്കുള്ള അന്തിമ സ്വകാര്യ ശുശ്രൂഷകൾ രാത്രി 7.30ന് നടക്കും. കഴിഞ്ഞ വർഷം അന്തരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരനോടൊപ്പം കിംഗ് ജോർജ്ജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലായിരിക്കും രാജ്ഞിയുടെ അന്ത്യവിശ്രമം.