രാജ്യത്ത് 5ജിയുമായി ബിഎസ്എന്‍എല്ലും; 5 മുതൽ 7 മാസത്തിനുള്ളിലെന്ന് കേന്ദ്രമന്ത്രി

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും 5 ജി സേവനങ്ങൾ നൽകി തുടങ്ങി. ഇനി വരുന്ന മാസങ്ങളിൽ ബിഎസ്എൻഎലും 5ജി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ച് മുതൽ ഏഴ് മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 5 ജി പുറത്തിറക്കാൻ കഴിയുമെന്ന് ടെലികോം, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബിഎസ്എൻഎല്ലിന് രാജ്യത്തുടനീളം ഉള്ള 1.35 ലക്ഷം ടവറുകളിലൂടെ ഇത് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടെലികോം വികസന ഫണ്ട് വർദ്ധിപ്പിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ടെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു. ഇത് 500 കോടിയിൽ നിന്ന് 4,000 കോടി രൂപയായി ഉയർത്താനാണ് ആലോചന. 4ജിയിൽ പിന്നിലായത് പോലെ 5ജി സേവനങ്ങളുടെ കാര്യത്തിൽ ബിഎസ്എൻഎൽ പിന്നോട്ട് പോകില്ലെന്നാണ് റിപ്പോർട്ടുകൾ.