കെട്ടിട നിര്‍മാണം: ഏപ്രില്‍ 9 വരെ അപേക്ഷ നല്‍കിയവര്‍ക്ക് പഴയ ഫീസ്
തിരുവനന്തപുരം: ഏപ്രില്‍ 9 വരെ കെട്ടിട നിര്‍മാണത്തിനായി ഓണ്‍ലൈനായും ഓഫ്‌ലൈനായും സമര്‍പ്പിച്ച എല്ലാ അപേക്ഷകള്‍ക്കും പഴയ പെര്‍മിറ്റ് ഫീസ് നിരക്ക് ആയിരിക്കും ബാധകമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
ഇക്കാര്യത്തിലെ അവ്യക്തത സംബന്ധിച്ച് നിരവധി അപേക്ഷകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള നടപടി. ഏപ്രില്‍ 10 മുതലുള്ള അപേക്ഷകള്‍ക്ക് പുതുക്കിയ നിരക്കാകും ബാധകമാവുക. വാര്‍ഷിക പദ്ധതി അവസാനിക്കുന്ന ഘട്ടമായതിനാല്‍ പല ഓഫിസുകളിലും മാര്‍ച്ച് മാസത്തില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കുന്നത് ഏപ്രില്‍ ആദ്യത്തേക്ക് നീണ്ടിരുന്നു.
ഏപ്രില്‍ 10ന് മുന്‍പ് ലഭിച്ച അപേക്ഷകളില്‍ പെര്‍മിറ്റ് ഫീസ്/ അപേക്ഷാ ഫീസ്/ സ്‌ക്രൂട്ട്‌നി ഫീസ്/ ക്രമവല്‍കരണ ഫീസ് എന്നിവ പുതുക്കിയ നിരക്കാണോ പഴയ നിരക്കാണോ ബാധകമാവുകയെന്ന കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു.