ആവശ്യത്തിന് ബസില്ലാത്ത സ്ഥലങ്ങളിലേക്ക് ബസ് ഓടിക്കാന്‍ പുതിയ പെര്‍മിറ്റ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രമം.
ആവശ്യത്തിന് ബസില്ലാത്ത സ്ഥലങ്ങളിലേക്ക് ബസ് ഓടിക്കാന്‍ പുതിയ പെര്‍മിറ്റ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രമം.
ഇത്തരം റൂട്ടുകള്‍ ഏതൊക്കെ ആണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരോടും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു. ഗ്രാമീണ പാതകളിൽ ഉള്‍പ്പെടെ പൊതു ഗതാഗതം ഉറപ്പാക്കാനാണ് ശ്രമം.
നല്ല റോഡ് ഉണ്ടായിട്ടും ബസ് സര്‍വീസില്ലാത്തത്, ആവശ്യമുള്ള സമയത്ത് വേണ്ടത്ര ബസ് സര്‍വീസില്ലാത്തത് തുടങ്ങിയവ പരിശോധിക്കും. ഇത്തരം റോഡുകള്‍ കണ്ടെത്താനുള്ള ശ്രമം എല്ലാ ജോയന്റ് ആര്‍ ടി ഓഫീസര്‍മാരും തുടങ്ങി കഴിഞ്ഞു. കെ.എസ്.ആര്‍.ടി.സിക്കോ സ്വകാര്യ ബസിനോ പെര്‍മിറ്റ് അനുവദിക്കാൻ ആകുമോയെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രമം. ഏത് റൂട്ട്, എത്ര കിലോമീറ്റര്‍, ആറ് ചക്രമുള്ള ബസുകള്‍ സര്‍വീസ് നടത്താനുള്ള സൗകര്യമുണ്ടോ, ബുദ്ധിമുട്ടുകള്‍ തുടങ്ങിയ വിവരങ്ങളാണ് പൊതു ജനങ്ങളില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നത്.
പ്രാദേശിക പാതകളില്‍ ഓട്ടോറിക്ഷകളും ടാക്‌സികളും മാത്രം സര്‍വീസ് നടത്തുന്നത് നാട്ടുകാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നെന്നും വകുപ്പ് വിലയിരുത്തുന്നു. എന്നാല്‍, പുതിയ റൂട്ടുകള്‍ കണ്ടെത്തിയാല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ തയ്യാറാകുമോയെന്ന ആശങ്കയും മോട്ടോര്‍ വാഹന വകുപ്പിനുണ്ട്.