ഡബിൾ ഡക്കർ ബസ് ഓട്ടം തുടങ്ങി നിങ്ങൾക്കും ബുക്ക് ചെയ്യാം
തലശ്ശേരി : തലശ്ശേരിയിലെയും മാഹിയിലെയും പൈതൃക ഇടങ്ങങ്ങളിലേക്ക് സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി. ഡബിൾ ഡക്കർ ബസ് ഓട്ടം തുടങ്ങി. ബസിൽ യാത്രചെയ്യുമ്പോൾ ഒരേസമയം നഗരക്കാഴ്ചകളും ആകാശക്കാഴ്ചകളും റൂഫ്‌ലെസ് ബസിലിരുന്ന് ആസ്വദിക്കാം. തലശ്ശേരിയിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. തലശ്ശേരിയുടെ ടൂറിസം വളർച്ചയ്ക്ക് ബസ് മുതൽക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.സ്പീക്കർ എ.എൻ. ഷംസീർ, തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, സബ് കളക്ടർ സന്ദീപ് കുമാർ, കെ.എസ്.ആർ.ടി.സി. നോർത്ത് സോൺ ജനറൽ മാനേജർ കെ.എസ്. സരിൻ, ജില്ലാ ഓഫീസർ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഫ്ലാഗ് ഓഫിന് ശേഷം മന്ത്രിയും സ്പീക്കറുമുൾപ്പെടെ ബസിൽ തലശ്ശേരി നഗരത്തിലൂടെ യാത്ര ചെയ്തു.
യാത്ര നാളെമുതൽ
ബസിന്റെ ആദ്യയാത്ര ശനിയാഴ്ച തുടങ്ങും. തലശ്ശേരി ഡിപ്പോയിൽനിന്ന് യാത്ര ആരംഭിക്കുന്ന ബസ് നിട്ടൂർ ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയം, ജില്ലാ കോടതി, സെന്റിനറി പാർക്ക്, സീ വ്യൂ പാർക്ക്, ഓവർബറീസ് ഫോളി, കോട്ട, ലൈറ്റ് ഹൗസ്, ജവാഹർഘട്ട്, കടൽപ്പാലം, പാണ്ടികശാല, ഗോപാലപേട്ട തുറമുഖം എന്നിവിടങ്ങളിലൂടെ മാഹിയിലെത്തും. മാഹി ബസിലിക്ക ചർച്ച്, മൂപ്പൻസ് ബംഗ്ലാവ്, വാക് വേ എന്നിവിടങ്ങൾ സന്ദർശിക്കും. അതിനുശേഷം അഴിയൂരിൽനിന്ന് ബൈപ്പാസിലൂടെ മുഴപ്പിലങ്ങാട് വഴി തലശ്ശേരിയിൽ തിരിച്ചെത്തും. ഉച്ചയ്ക്ക് മൂന്നിന് യാത്ര തുടങ്ങി ഒൻപതിന് തിരിച്ചെത്തും.250 രൂപയാണ് ടിക്കറ്റ് നിരക്ക്. അടുത്തഘട്ടത്തിൽ പൊന്ന്യം ഏഴരക്കണ്ടം, കതിരൂർ സൂര്യനാരായണ ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തും. വിദ്യാർഥികൾക്കും ടൂറിസ്റ്റ് ഗ്രൂപ്പുകൾക്കും പ്രത്യേക ഇളവ് നൽകും. സ്പീക്കർ എ.എൻ. ഷംസീർ മുൻ കൈയെടുത്താണ് ബസ് തലശ്ശേരിയിലെത്തിച്ചത്.
ഫോൺ: 9495650994, 9895221391.