ബൈജൂസിന്റെ ഓഫീസുകളിൽ പരിശോധന.

ബെംഗളൂരു ആസ്ഥാനമായുള്ള പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസിന്റെ ഓഫീസുകളിലും സിഇഒ ബൈജു രവീന്ദ്രന്റെ വസതിയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. വിദേശ ധനസഹായ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചായിരുന്നു പരിശോധന. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കമ്പനിയായ ‘തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡി’നും എതിരായ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്ന് ഇഡി വ്യക്തമാക്കി.

പരിശോധനയിൽ നിരവധി രേഖകളും വിവരങ്ങളും പിടിച്ചെടുത്തതായി ഇഡി പറയുന്നു. എന്നാൽ, ഫെമയ്ക്ക് കീഴിലുള്ള സ്വാഭാവിക അന്വേഷണം മാത്രമാണിതെന്നാണ് ബൈജൂസിന്റെ പ്രതികരണം. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചുവെന്നും അവർക്ക് വേണ്ട വിവരങ്ങൾ നൽകിയെന്നും കമ്പനി വ്യക്തമാക്കി. ഞങ്ങളുടെ പ്രവർത്തനങ്ങളിൽ അങ്ങേയറ്റം വിശ്വാസമുണ്ട്. ധാർമ്മികതയുടെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പ്രതികരിച്ചു.