ബൈജൂസിനെതിരെ ബെംഗളുരുവിലെ ദേശീയ കമ്പനി കാര്യ ട്രിബ്യൂണലിനെ സമീപിച്ച് മൊബൈൽ കമ്പനി ഒപ്പോ

ബെം​ഗളൂരു: ബൈജൂസിനെതിരെ ബെംഗളുരുവിലെ ദേശീയ കമ്പനി കാര്യ ട്രിബ്യൂണലിനെ സമീപിച്ച് മൊബൈൽ കമ്പനി ഒപ്പോ. ഫോൺ വാങ്ങുമ്പോൾ തന്നെ ബൈജൂസ് ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്ത കരാറിൽ 13 കോടി രൂപ തരാൻ ഉണ്ടെന്ന് ഒപ്പോ ആരോപിച്ചു. ബൈജൂസ് മേധാവി ബൈജു രവീന്ദ്രൻ ‘ഒളിവിൽ’ ആണെന്നും ബന്ധപ്പെടാൻ ആകുന്നില്ലെന്നും ഒപ്പോയുടെ ഹർജിയിൽ പറയുന്നു. കേസ് എൻസിഎൽടി ജൂൺ 3-ലേക്ക് മാറ്റി. ജൂൺ 3 ‘ബൈജൂസ് ഡേ’ ആയിരിക്കുമെന്ന് എൻസിഎൽടി പറഞ്ഞു. ഈ ദിവസം എൻസിഎൽടിക്ക് മുന്നിൽ മാത്രം 10 ഹർജികൾ ആണ് പരിഗണനയ്ക്ക് വരുന്നത്. ജൂൺ 2-ന് ബൈജൂസിന്റെ കേസിൽ വിധി പറയാൻ കർണാടക ഹൈക്കോടതി അറിയിച്ചു. ബൈജൂസ് ആപ്പിന്റെ ഉള്ളടക്കം കൂടുതൽ കമ്പനികൾ വഴി വിതരണം ചെയ്യുന്നത് തടഞ്ഞ് എൻസിഎൽടി ഉത്തരവ് ഇട്ടിരുന്നു. ഇതിനെ എതിർത്ത് ബൈജു രവീന്ദ്രൻ നൽകിയ ഹർജിയിൽ ആണ് വിധി പറയുക. നിക്ഷേപിച്ചതിന്റെ എട്ട് ശതമാനം വരെ തിരിച്ച് കിട്ടിയ കമ്പനികൾ ഹർജി നൽകിയവരിൽ ഉണ്ടെന്നും സ്റ്റേ നിലനിൽക്കില്ലെന്നും ആണ് ബൈജൂസിന്റെ വാദം.