‘വാരിസ്’ ട്രെയ്‌ലർ നാളെ 5 മണിക്ക് യൂട്യൂബിൽ റിലീസ് ചെയ്യും

തമിഴ് സിനിമ വ്യവസായം എല്ലായ്പ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുന്ന സീസണാണ് പൊങ്കൽ. എന്നാൽ ഇത്തവണ കാത്തിരിപ്പിൻ്റെ ആഴം കൂട്ടി തമിഴ് സിനിമയിലെ മുന്നിര അഭിനേതാക്കളായ വിജയ്, അജിത്ത് എന്നിവരുടെ ചിത്രങ്ങൾ റിലീസിനെത്തുകയാണ്. വിജയ് ചിത്രം വാരിസിനൊപ്പം അജിത്തിന്‍റെ തുനിവും ഈ പൊങ്കലിന് തിയേറ്ററുകളിലെത്തും. വാരിസിന്‍റെ സെൻസർഷിപ്പ് പൂർത്തിയായതിനെക്കുറിച്ചും ട്രെയിലറിനെക്കുറിച്ചുള്ള വിവരങ്ങളുമാണ് ഇപ്പോൾ നിർമാതാക്കൾ പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിന്‍റെ ട്രെയിലർ നാളെ വൈകിട്ട് 5 മണിക്ക് സൺ ടിവിയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും. ബീസ്റ്റിന് ശേഷം വിജയ് നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് വാരിസ്.

ദേശീയ അവാർഡ് ജേതാവായ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ഒരേസമയം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. വിജയ്‍യുടെ കരിയറിലെ 66ാമത്തെ ചിത്രമാണ് വാരിസ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രശ്മിക മന്ദാന, ശരത് കുമാർ, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ എന്നിവരും ചിത്രത്തിൻ്റെ ഭാഗമാണ്.