പ്രവാസി പുനരധിവാസ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ :പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ വായ്പ പദ്ധതിക്ക് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 55 ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർക്ക് അപേക്ഷിക്കാം.

രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ തുടങ്ങാൻ പരമാവധി 20 ലക്ഷം വരെ വായ്പ ലഭിക്കും. വായ്പയുടെ 15 ശതമാനം എൻഡഡ് സബ്സിഡിയും തിരിച്ചടവ് മുടങ്ങാത്തവർക്ക് ആദ്യത്തെ നാല് വർഷം മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കും.

കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ ഉള്ളവർക്ക് പത്ത് ലക്ഷം രൂപയും, പത്ത് ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവർക്ക് 20 ലക്ഷം രൂപയുമാണ് പരമാവധി വായ്പ നൽകുക.

തിരിച്ചടവ് കാലാവധി അഞ്ച് വർഷം. തെരഞ്ഞെടുക്കപ്പെടുന്നവർ കോർപ്പറേഷൻ നിബന്ധനകൾക്ക് അനുസരിച്ച് ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസ്, എ കെ ജി ആശുപത്രിക്ക് സമീപം, തളാപ്പ് എന്ന വിലാസത്തിൽ ബന്ധപ്പെടുക. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാർഷിക വരുമാനം, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും സമർപ്പിക്കണം.

ഫോൺ. 0497 2705036, 9400068513.