വാഹന വായ്പ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് വാഹന വായ്പ (ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍/ഗുഡ്സ് കാരിയര്‍ ഉള്‍പ്പടെ കമേഴ്‌സ്യൽ വാഹനങ്ങള്‍ക്ക്) നല്‍കുന്നു. തൊഴില്‍ രഹിതരായ 18നും 55 നും മധ്യേ പ്രായമുള്ള ഡ്രൈവിങ് ലൈസന്‍സുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പരമാവധി പത്ത് ലക്ഷം രൂപയാണ് വായ്പാ നല്‍കുന്നത്. കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. അഞ്ചു ലക്ഷം രൂപ വരെ ഏഴ് ശതമാനവും അതിനു മുകളില്‍ ഒമ്പത് ശതമാനവുമാണ് പലിശ നിരക്ക്. 60 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം. ഇ-ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പകള്‍ നല്‍കും. വായ്പാ തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താല്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി എ കെ ജി ആശുപത്രിക്ക് സമീപം തട്ടാ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04972705036, 9400068513.