സുരേഷ് ഗോപിയെ സംസ്ഥാനത്ത്‌ ബിജെപിയുടെ മുഖമാക്കാൻ കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിൽ അഴിച്ചുപണി നടത്താൻ കേന്ദ്ര നേതൃത്വം. മുൻ രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപിയെ കേരളത്തിലെ പാർട്ടിയുടെ മുഖമാക്കാനാണ് സാധ്യത. ഇതിന്‍റെ ആദ്യപടിയായി അദ്ദേഹത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ കേന്ദ്രനേതൃത്വം നിർദ്ദേശം നൽകി. സംസ്ഥാനത്തെ ബി.ജെ.പിയുടെ സുപ്രധാന തീരുമാനങ്ങൾ കോർ കമ്മിറ്റിയാണ് കൈക്കൊള്ളുന്നത്.

നിലവിലെ സംസ്ഥാന പ്രസിഡന്‍റ്, മുൻ പ്രസിഡന്‍റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് ബി.ജെ.പി കോർ കമ്മിറ്റി. എന്നാൽ സുരേഷ് ഗോപിയെ ബിജെപി നേതൃത്വം കോർ കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ഉടൻ തന്നെ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നാണ് വിവരം. എന്നാൽ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ താരം വിമുഖത കാണിക്കുന്നതായാണ് റിപ്പോർട്ട്.

പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരേഷ് ഗോപിയെ സംസ്ഥാന പ്രസിഡന്‍റാക്കാനും പരിചയസമ്പന്നനായ നേതാവിനെ വർക്കിംഗ് പ്രസിഡന്‍റാക്കാനും സാധ്യതയുണ്ട്. ഈ വർഷം അവസാനത്തോടെ അദ്ദേഹത്തെ പാർട്ടി അധ്യക്ഷനായി കൊണ്ടുവരാനാണ് സാധ്യത. ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ മത്സരിപ്പിക്കും. എ ക്ലാസ് മണ്ഡലമെന്ന് ബി.ജെ.പി അവകാശപ്പെടുന്ന തൃശൂർ, തിരുവനന്തപുരം സീറ്റുകളിൽ ഒന്നിൽ നിന്ന് അദ്ദേഹം മത്സരിക്കും.