ചന്ദ്രയാന്‍ 3 ദൗത്യം ജൂലൈയില്‍; പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്നു വിക്ഷേപണം ജൂലൈ 12നും 19നും ഇടയില്‍ നടക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്. വിക്ഷേപണത്തിനായി റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് ആണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ലക്ഷ്യം.

ചന്ദ്രയാന്‍ 2ന്റെ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തന ക്ഷമമായതിനാല്‍ മൂന്നാം ദൗത്യത്തിന്റെ ഓര്‍ബിറ്ററില്‍ കാര്യമായ പരീക്ഷണ ഉപകരണങ്ങള്‍ ഇല്ലെന്നും ഐഎസ്ആര്‍ഒ മേധാവി വ്യക്തമാക്കി. ടെസ്റ്റുകള്‍ എല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം വിക്ഷേപണ ദിനം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രയാന്‍ 2 ദൗത്യം 90 മുതല്‍ 95 ശതമാനം വരെ വിജയമെന്നാണ് ഐഎസ്ആര്‍ഒ വിലയിരുത്തുന്നത്. 2019ല്‍ ചന്ദ്രോപരിതലത്തില്‍ തൊടുന്ന ചരിത്രനിമിഷത്തിന് രണ്ട് കിലോമീറ്റര്‍ അകലെ വച്ചാണ് വിക്രം ലാന്‍ഡര്‍ ലക്ഷ്യം കാണാതെ പോയത്. ലാന്‍ഡറില്‍ നിന്നുമുള്ള സിഗ്‌നലുകള്‍ നഷ്ടമാകുകയായിരുന്നു. ചന്ദ്രനെകുറിച്ചുള്ള കൂടുതല്‍ പഠനത്തിന് ഓര്‍ബിറ്റര്‍ സഹായകമാകും. ദൗത്യം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.