Latestദേശീയം

അമ്മ പാല്‍ കൊടുക്കുന്നതിനിടെ 20 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കുരങ്ങൻ തട്ടിയെടുത്തത് കിണറ്റിലിട്ടു

ത്തീസ്ഗഢിലെ ജാഞ്ച്ഗിർ-ചാമ്ബ ജില്ലയിലുള്ള സേവനി ഗ്രാമത്തില്‍ 20 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കുരങ്ങൻ തട്ടിയെടുത്തു കിണറ്റിലിട്ടു. വീടിനു പുറത്തുനിന്ന അമ്മയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് കുരങ്ങൻ നേരെ വീടിന്റെ ടെറസിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ ഞെട്ടിക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ കുഞ്ഞിനെ രക്ഷിക്കാനായി വലിയ ശബ്ദമുണ്ടാക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ പരിഭ്രാന്തനായ കുരങ്ങൻ കുഞ്ഞിനെ വീടിനോടു ചേർന്നുള്ള കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.

കുരങ്ങൻ കിണറ്റിലിട്ട കുഞ്ഞിനെ നാട്ടുകാർ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സാഹസികമായി പുറത്തെടുത്തു. കുഞ്ഞിനെ രക്ഷിക്കുന്നതിനായി നാട്ടുകാർ ബക്കറ്റ് കിണറ്റിലേക്ക് ഇറക്കി നല്‍കുകയും അതില്‍ കുഞ്ഞിനെ സുരക്ഷിതമായി കോരിയെടുക്കുകയുമായിരുന്നു. അപകടം നടന്ന ഉടൻ തന്നെ പുറത്തെടുക്കാൻ കഴിഞ്ഞതും കുഞ്ഞ് ധരിച്ചിരുന്ന ഡയപ്പർ വെള്ളത്തില്‍ പൊങ്ങിക്കിടക്കാൻ സഹായിച്ചതുമാണ് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായത്.

കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ കുഞ്ഞിന് ഗ്രാമവാസികള്‍ ഉടൻ തന്നെ പ്രാഥമിക ചികിത്സ നല്‍കുകയും തുടർന്ന് വിദഗ്ധ പരിശോധനകള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവില്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.