മുഖ്യമന്ത്രിയുടെ വിദേശയാത്ര; കണക്കുകൾ പുറത്ത് വിടണമെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രകൾക്കായി എത്ര പണം ചെലവഴിച്ചുവെന്നതിന്‍റെ കണക്കുകൾ സംസ്ഥാന സർക്കാർ പുറത്തുവിടണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച്, മുഖ്യമന്ത്രിയും സംഘവും 43.14 ലക്ഷം രൂപയാണ് ഹോട്ടൽ താമസം, ഭക്ഷണം, നഗര യാത്രകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ചെലവഴിച്ചത്. ഇതിന് സർക്കാർ മറുപടി പറയണം. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് മുഖ്യമന്ത്രിക്ക് വിദേശത്ത് വിനോദയാത്രയ്ക്ക് പോകാനായി ഖജനാവിലെ പണം പാഴാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യാത്രയുടെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടാത്തത് ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചൂണ്ടിക്കാട്ടി.

ശമ്പളവും പെൻഷനും കടം വാങ്ങി നൽകുന്ന സർക്കാർ പാൽ, വെള്ളം, വൈദ്യുതി, മദ്യം തുടങ്ങിയവയുടെയെല്ലാം വില വർദ്ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുമ്പോഴാണ് ഇത്തരം പണം പാഴാക്കലും നടക്കുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ലണ്ടനിലെ ചെലവിന്‍റെ കണക്കുകൾ മാത്രമാണ്. മറ്റ് രാജ്യങ്ങളിൽ ചിലവായ തുകയുടെ വിവരങ്ങൾ പുറത്ത് വന്നാൽ മാത്രമേ പൂർണവിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ദൈനംദിന ചെലവുകൾക്ക് പോലും പണം കണ്ടെത്താൻ സർക്കാർ പാടുപെടുന്ന സമയത്താണ് മുഖ്യമന്ത്രിയും കുടുംബവും വിനോദയാത്ര നടത്തുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രകളിൽ നിന്ന് സംസ്ഥാനത്തിന് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് വ്യക്തമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽപെട്ടു നട്ടംതിരിയുമ്പോഴും കാലങ്ങളായി തുടരുന്ന ധൂർത്ത് സർക്കാർ വർധിപ്പിക്കുകയാണ്. ധൂർത്തടിക്കുന്ന പണം ജനങ്ങളുടേതാണെന്നും അവരോട് അത് വിശദീകരിക്കാൻ തങ്ങൾക്ക് ബാധ്യതയുണ്ടെന്നും സർക്കാർ മനസിലാക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.