തായ്‌വാനെ വീണ്ടും ഭീഷണിപ്പെടുത്തി ചൈന: പ്രധാന ദ്വീപില്‍ കപ്പലുകളും വിമാനങ്ങളും

തായ്‌പേയ് സിറ്റി: പ്രധാന വിഷയങ്ങളിൽ വാഷിംഗ്ടണുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ അതിർത്തിയിൽ ചൈന സൈനികാഭ്യാസം തുടരുന്നുവെന്ന് തായ്‌വാൻ അറിയിച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനങ്ങൾ.

ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചത്. ഇതോടെ ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാന്‍റെ വ്യോമാതിർത്തി കടന്നു. കാലാവസ്ഥാ വ്യതിയാനം, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ വാഷിംഗ്ടണുമായുള്ള നിരവധി ചർച്ചകളിൽ നിന്നും സഹകരണ കരാറുകളിൽ നിന്നും പിൻമാറുമെന്ന് ബീജിംഗ് പ്രഖ്യാപിക്കുകയും ചെയ്തു.

ബെയ്ജിംഗ് ശനിയാഴ്ച തായ്‌വാനെ ചുറ്റിപ്പറ്റിയുള്ള സൈനികാഭ്യാസം തുടരുകയാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ദ്വീപിന്‍റെ ഉപരോധവും ആത്യന്തിക അധിനിവേശവും ലക്ഷ്യമിട്ടുള്ള അഭ്യാസങ്ങളാണിവ. തായ്‌വാൻ കടലിടുക്കിൽ പ്രവർത്തിക്കുന്ന ഒന്നിലധികം ചൈനീസ് വിമാനങ്ങളും കപ്പലുകളും നിരീക്ഷിച്ചതായി തായ്പേയ് സിറ്റി അറിയിച്ചു.