സംസ്ഥാനത്ത് പാല് വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
സംസ്ഥാനത്ത് പാല് വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കര്ഷകര്ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും പാല് വില വര്ധനയുണ്ടാകുകയെന്നും മന്ത്രി അറിയിച്ചു.മില്മയ്ക്കാണ് പാല്വില കൂട്ടാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികള് പൂര്ത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില് തോമസ് കെ തോമസ് എം.എല്.എയുടെ സബ്മിഷന് മറുപടി നല്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
2019 സെപ്തംബറില് ലിറ്ററിന് നാല് രൂപയും 2022 ഡിസംബറില് ലിറ്ററിന് ആറ് രൂപയും മില്മ കൂട്ടിയിരുന്നു. നിലവില് മില്മ പാല് വില (ടോണ്ഡ് മില്ക്ക്) ലിറ്ററിന് 52 രുപയാണ്. പ്രതിദിനം 17ലക്ഷം ലിറ്റര് പാലാണ് കേരളത്തില് മില്മ വില്ക്കുന്നത്. പാലിന്റെ ഗുണനിലവാരമനുസരിച്ച് 42 മുതല് 48 രൂപവരെ കര്ഷകന് ലഭിക്കും.
പാലിന് വില കൂട്ടിയാല് മില്മയുടെ എല്ലാ പാലുല്പ്പന്നങ്ങള്ക്കും ആനൂപാതികമായി വില വര്ധിക്കും. സ്വകാര്യ ഉല്പാദകരും വില കൂട്ടും. നിലവില് മറ്റ് സംസ്ഥാനങ്ങളിലേക്കാള് കേരളത്തില് പാല് വില കൂടുതലാണ്. ഒരുദിവസം ശരാശരി 12.6 ലക്ഷം ലിറ്റര് പാലാണ് മില്മ കേരളത്തില്നിന്ന് സംഭരിക്കുന്നത്. ശരാശരി 17 ലക്ഷം ലിറ്റര് വില്ക്കുന്നുണ്ട്
