പിപിഇ കിറ്റ് അഴിമതിയിൽ മുഖ്യമന്ത്രിയെ പ്രതി ചേർക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ട് എന്ന ലോകായുക്തയുടെ നോട്ടീസിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടപാടുകൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ലോകായുക്ത നൽകിയ നോട്ടീസിന്മേൽ കെ.കെ ശൈലജ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതെന്ന മുൻ മന്ത്രിയുടെ പ്രസ്താവന ഗൗരവതരമാണ്. മൂന്ന് ലക്ഷം പിപിഇ കിറ്റുകൾക്ക് ഓർഡർ നൽകിയതിലൂടെ സർക്കാർ വലിയ അഴിമതിയാണ് നടത്തിയതെന്ന് വ്യക്തമായി. 18 ലക്ഷം എൻ 95 മാസ്കുകളും 30 ലക്ഷം ഗ്ലൗസുകളും അഴിമതിക്ക് കളമൊരുക്കാനായിരുന്നു.

ലോകം വലിയ ദുരിതത്തിൽ നട്ടംതിരിയുന്ന സമയത്ത് മൂന്നിരട്ടി തുക കമ്മിഷനടിച്ച മുഖ്യമന്ത്രിയും മുൻ ആരോഗ്യമന്ത്രിയും ലോകത്തിന് മുന്നിൽ നമുക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഇത്തരം തട്ടിപ്പുകൾ പുറത്തുവരുമെന്ന് ഭയന്നാണ് മുഖ്യമന്ത്രി ലോകായുക്തയ്ക്ക് മൂക്കുകയറിട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.