സഹ സംവിധായകൻ ദീപു ബാലകൃഷ്ണൻ മുങ്ങിമരിച്ചു

തൃശ്ശൂർ: പ്രശസ്ത ചലച്ചിത്ര പ്രവർത്തകൻ ദീപു ബാലകൃഷ്ണൻ (41) അന്തരിച്ചു.  ഇരിങ്ങാലക്കുട കൂടൽ മാണിക്യം തെക്കേ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ദീപു മുങ്ങി മരിക്കുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് ക്ഷേത്രക്കുളത്തിൽ കുളിക്കാനായി ദീപു വീട്ടിൽ നിന്നിറങ്ങിയത്. 

തിരികെ വരാതായപ്പോൾ നടത്തിയ അന്വേഷണത്തിൽ തെക്കൻ കുളത്തിന്‍റെ പരിസരത്ത് ചെരിപ്പുകളും വസ്ത്രങ്ങളും കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സ് യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് മൃതദേഹം മുങ്ങിയെടുത്തത്.  ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. 

മലയാള സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായും സഹ സംവിധായകനായും ദീപു ബാലകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. ‘ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന ചിത്രത്തിൽ സഹ സംവിധായകനായി പ്രവർത്തിച്ചു. ‘വൺസ് ഇൻ മൈൻഡ്’, ‘പ്രേമസൂത്രം’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ദീപു. ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു.