ആർഎസ്എസ് യൂണിഫോമിനെതിനെതിരെ കോൺഗ്രസ്; വിമർശിച്ച് ബിജെപി

ആർഎസ്എസ് യൂണിഫോമിനെതിനെതിരായ കോൺഗ്രസിന്റെ ട്വീറ്റ് അപലപനീയമെന്ന് ബിജെപി. രാജ്യം അഗ്നിക്കിരയാക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് തരുൺ ചുഗ് ആരോപിച്ചു. ഇത് ആദ്യമായല്ല കോൺഗ്രസ് പാർട്ടി ഇങ്ങനെ ചെയ്യുന്നതെന്ന് ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു. ‌ഈ രാജ്യത്ത് അക്രമം വേണോ എന്ന് രാഹുൽ ഗാന്ധിയോട് ചോദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് ഉടൻ തന്നെ ഈ ചിത്രം നീക്കം ചെയ്യണമെന്നും സംബിത് പത്ര ആവശ്യപ്പെട്ടു.

‘‘രാജ്യത്തെ വെറുപ്പിന്റെ വിലങ്ങുകളിൽനിന്നു മോചിപ്പിക്കാനും ആർഎസ്എസും ബിജെപിയും വരുത്തിയ നാശനഷ്ടങ്ങൾ ഇല്ലാതാക്കാനുമുള്ള ലക്ഷ്യത്തിലേക്ക് ഞങ്ങൾ പടിപടിയായി മുന്നേറുകയാണ്’’ എന്നാണ് ആർഎസ്എസിന്റെ യൂണിഫോമിനു തീപിടിച്ച ചിത്രത്തിനൊപ്പം കോൺഗ്രസ് ട്വീറ്റ് ചെയ്തത്. ‘145 ദിവസം കൂടി ബാക്കി’ എന്നും ചിത്രത്തിൽ എഴുതിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ജോഡോ യാത്ര’യ്ക്കിടെയാണ് കോൺഗ്രസിന്റെ ട്വീറ്റ്.