കറുപ്പണിഞ്ഞ് കോൺഗ്രസ് നടത്തുന്ന പ്രതിഷേധം രാമക്ഷേത്ര വിരുദ്ധം: അമിത് ഷാ

ന്യൂഡൽഹി: കറുത്ത വസ്ത്രം ധരിച്ച് കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രതിഷേധം രാമക്ഷേത്ര വിരുദ്ധ സന്ദേശമാണ് നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തി രണ്ട് വർഷം പൂർത്തിയാക്കിയ ദിവസമാണ് കോൺഗ്രസ് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അമിത് ഷാ പറഞ്ഞു. 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്തറക്കല്ലിട്ടത്.
എന്തിനാണ് എല്ലാ ദിവസവും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്? കോൺഗ്രസിന് ഗൂഢതാൽപര്യങ്ങളുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ആരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല. റെയ്ഡുകളൊന്നും നടന്നിട്ടില്ല. പിന്നെന്തിനാണ് പ്രതിഷേധം നടന്നതെന്ന് മനസ്സിലാകുന്നില്ല. 550 വർഷം പഴക്കമുള്ള പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തി, രാമജൻമഭൂമിക്ക് നരേന്ദ്ര മോദി തറക്കല്ലിട്ട ദിവസമാണത്. കോൺഗ്രസിന്‍റെ പ്രീണന നയം രാജ്യത്തിനും കോൺഗ്രസിനും നല്ലതല്ല. അമിത് ഷാ പറഞ്ഞു.
വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വർദ്ധനവ് എന്നിവയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഡൽഹിയിൽ ‘ചലോ രാഷ്ട്രപതി ഭവൻ’ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ അറസ്റ്റിലായിരുന്നു. പാർലമെന്‍റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഒരു മണിക്കൂർ നീണ്ട കയ്യാങ്കളിക്കൊടുവിലാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. നിരോധനാജ്ഞ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കിംഗ്സ് വേ ക്യാമ്പ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആറുമണിക്കൂറിനുശേഷം വൈകുന്നേരത്തോടെയാണ് ഇവരെ വിട്ടയച്ചത്.