കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: നൈപുണ്യ പരിശീലനങ്ങളിലും മത്സര പരീക്ഷാ തയ്യാറെടുപ്പുകളിലും ഏർപ്പെട്ടിരിക്കുന്ന യുവജനങ്ങൾക്ക് പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.eemployment.kerala.gov.in എന്ന പോർട്ടൽ വഴിയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്.
കേരളത്തിൽ സ്ഥിരതാമസക്കാരായ 18 മുതൽ 30 വയസ് വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. കുടുംബത്തിന്റെ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയരുത്. കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, രാജ്യത്തെ അംഗീകൃത സർവകലാശാലകൾ അല്ലെങ്കിൽ ഡീംഡ് സർവകലാശാലകൾ എന്നിവയിൽ നൈപുണ്യ പരിശീലനം നടത്തുന്നവരും വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരുമാണ് അപേക്ഷകർ.
അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണനാക്രമത്തിലാണ് സാമ്പത്തിക സഹായം അനുവദിക്കുക. നൈപുണ്യ പരിശീലനമോ മത്സര പരീക്ഷാ പരിശീലനമോ എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരാൾക്ക് ഒരുതവണ മാത്രം പരമാവധി 12 മാസത്തേക്ക് സ്കോളർഷിപ്പ് ലഭിക്കും.
ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കുന്നവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് (0497 2700831), തളിപ്പറമ്പ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് (0460 2209400) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
