അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം 2023ല്‍ പൂര്‍ത്തിയാകും; ചെലവ് 1800 കോടി രൂപ

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രനിര്‍മാണത്തിന് ഏകദേശം 1800 കോടി രൂപ ചെലവ് വരുമെന്ന് ട്രസ്റ്റ്. ക്ഷേത്രനിര്‍മാണത്തിനായി സുപ്രീം കോടതി നിര്‍ദേശപ്രകാരം രൂപീകരിക്കപ്പെട്ട ശ്രീരാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റാണ് ചെലവുകള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട നിയമങ്ങളും മാനുവലും കഴിഞ്ഞദിവസം ചേര്‍ന്ന ട്രസ്റ്റ് യോഗം അംഗീകരിച്ചതായാണ് റിപ്പോർട്ട്. 2023 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ജനുവരിയില്‍ പ്രതിഷ്ഠ നടത്താനാണ് നിലവിലെ ധാരണ.

ഞായറാഴ്ച ചേർന്ന യോഗത്തിൽ പ്രമുഖ ഹിന്ദു സന്യാസിമാരുടെ വിഗ്രഹങ്ങൾ രാമക്ഷേത്രത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചു. രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ പ്രതിമകളും ക്ഷേത്രപരിസരത്ത് സ്ഥാപിക്കും. ട്രസ്റ്റിന്‍റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും യോഗം അംഗീകാരം നൽകി. ട്രസ്റ്റിൽ 15 അംഗങ്ങളുണ്ട്. ഇവരിൽ 14 പേർ ഞായറാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തതായി ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.