സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത

കൊച്ചി: അവധിക്കാലത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രതിരോധശേഷി കുറഞ്ഞവർ കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് എടുക്കണോ എന്നതിൽ ചർച്ച തുടങ്ങേണ്ട സമയമായെന്നും വിദഗ്ധർ പറയുന്നു.

സംസ്ഥാനത്തും രാജ്യത്തും ലോകത്തും കൊവിഡ് കേസുകൾ കൂടി വരുകയാണ്. പരിശോധനകളുടെ എണ്ണവും കൂട്ടിയതോടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി തുടരുകയാണ് കേരളം. വ്യാപന ശേഷി കൂടുതലുള്ള ആർജിത പ്രതിരോധശേഷിയെ മറികടക്കുന്ന ജെ എൻ വൺ വകഭേദം ഈ അവധിക്കാലത്ത് എങ്ങനെ ബാധിക്കുമെന്നതിലാണ് ആശങ്ക.

ക്രിസ്മസ് പുതുവത്സര കൂട്ടായ്മകളും ആഘോഷങ്ങളും സജീവമാകുന്നതോടെ ജാഗ്രത വേണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ആൾക്കൂട്ടങ്ങളിലേക്ക് മാസ്കുമായി പോവുക, പനി ലക്ഷണങ്ങൾ ഉള്ളവർ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ നിന്ന് അകന്ന് നിൽക്കണം എന്നിവയാണ് വിദഗ്ധര്‍ നിര്‍ദേശം നല്‍കുന്നത്.

പുതിയ വകഭേദവും കുട്ടികളെ കാര്യമായി ബാധിക്കുന്നില്ലെന്നതാണ് ആശ്വാസം. എന്നാൽ പ്രതിരോധശേഷി കുറഞ്ഞവർക്ക് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകണോ എന്നതിൽ വിശദമായ ചർച്ചകൾ തുടങ്ങണം. നിലവിൽ എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നി ജില്ലകളിലാണ് വ്യാപനം കൂടുതലുള്ളത്. അടിയന്തര സാഹചര്യം മുന്നിൽ കണ്ട് ജില്ല അടിസ്ഥാനത്തിൽ കൊവിഡ് ആശുപത്രികൾ സജ്ജീകരിക്കാനുള്ള നടപടികളിലാണ് ആരോഗ്യവകുപ്പ്.