ഫരീദിനെ തല്ലാനോങ്ങിയ ആസിഫിനെ ഏഷ്യാകപ്പിൽനിന്ന് വിലക്കണമെന്ന് അഫ്ഗാൻ ബോർഡ്

ഷാർജ: ഏഷ്യാ കപ്പ് മത്സരത്തിനിടെ അഫ്ഗാനിസ്ഥാന്‍റെ ഫരീദ് അഹമ്മദ് മാലിക്കിനെ മർദ്ദിച്ചുവെന്നാരോപിച്ച് പാക്കിസ്ഥാന്‍റെ ആസിഫ് അലിയെ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) സിഇഒ ഷഫീഖ് സ്റ്റാനിക്സായ് ആവശ്യപ്പെട്ടു. മാന്യതയുടെ എല്ലാ പരിധികളും ലംഘിച്ച ആസിഫ് അലിക്ക് ടൂർണമെന്‍റിൽ തുടരാൻ അർഹതയില്ല. അഫ്ഗാനെതിരായ മത്സരത്തിന്റെ 19–ാം ഓവറിൽ ഫരീദ് അഹമ്മദ് മാലിക്കിന്റെ പന്തിൽ പുറത്തായതിനു പിന്നാലെയാണ് ആസിഫ് അലി ബാറ്റുമായി താരത്തിനു നേരെ പാഞ്ഞടുത്തത്.

ഫരീദ് അഹമ്മദ് എറിഞ്ഞ 19-ാം ഓവറിലെ നാലാം പന്തിൽ ആസിഫ് അലി സിക്സർ പറത്തി. ഇരുടീമുകൾക്കും വിജയസാധ്യതയുണ്ടായിരുന്നു.

എന്നാൽ തൊട്ടടുത്ത പന്തിൽ ആസിഫ് അലിയെ കരിം ജാനത്തിന്റെ കൈകളിൽ എത്തിച്ച ഫരീദ് അഹമ്മദ് പകരംവീട്ടി. സിക്സർ വഴങ്ങിയതിനു പിന്നാലെ സംഭവിച്ച വിക്കറ്റ് നേട്ടം ഫരീദ് അഹമ്മദ് വൈകാരികമായി ആഘോഷിക്കുന്നതിനിടെയാണ് ബാറ്റുമായി ആസിഫ് അലി പ്രകോപനം സൃഷ്ടിച്ചത്. തല്ലാനായി ബാറ്റും ഓങ്ങി ഫരീദിന് അടുത്തെത്തിയ ആസിഫ്, താരത്തെ കഴുത്തിനു പിടിച്ചു തള്ളുകയും ചെയ്തു. ഓടിയെത്തിയ സഹതാരങ്ങളും അംപയർമാരും ചേർന്നാണ് രംഗം ശാന്തമാക്കിയത്.