കോവിഡും പന്നിപ്പനിയും ഹോങ്കോങ് ഫ്ലൂവും: പനിച്ചൂടിൽ നേപ്പാൾ

കാഠ്മണ്ഡു: കോവിഡ് നാലാംതരംഗത്തിനൊപ്പം പിടിമുറുക്കിയ പന്നിപ്പനിയിൽ വിറച്ച് നേപ്പാൾ. രണ്ട് മാസത്തിനിടെ 57 പേർക്കാണ് രാജ്യത്ത് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതിനൊപ്പം ഹോങ്കോങ് ഫ്ലു എന്നറിയപ്പെടുന്ന എ.എച്ച്.3 വൈറസും നേപ്പാളിൽ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ഉണ്ട്.

ഒരേ സമയം മൂന്ന് രോഗങ്ങൾ പടരുന്നതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

സ്വയം ചികിത്സയും അശ്രദ്ധയും മരണത്തിലേക്ക് നയിക്കുമെന്ന് ആരോഗ്യ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാഠ്മണ്ഡുവിൽ കൊവിഡ് ആരംഭിച്ചപ്പോൾ പന്നിപ്പനി അത്ര പടരുന്നുണ്ടായിരുന്നില്ല.എന്നാൽ ഇപ്പോൾ ശക്തി പ്രാപിക്കുന്നത് ആശങ്ക ഉയർത്തുന്നെന്ന് നേപ്പാളിലെ ശുക്രരാജ് ട്രോപ്പിക്കൽ ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ റിസർച്ച് വിഭാഗം ചീഫായ ഡോ. ഷേർ ബഹദൂർ പൺ പറഞ്ഞു. കോവിഡിന്‍റെയും പന്നിപ്പനിയുടെയും രോഗലക്ഷണങ്ങൾ ഏകദേശം ഒന്നാണെന്നതും തെറ്റായ ചികിത്സ ലഭിക്കാൻ കാരണമായേക്കും. ഇതുയർത്തുന്ന ഭീഷണിയും വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു