Latestകേരളം

ബംഗാള്‍ ഉള്‍ക്കടലില്‍ 27 ന് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത; കനത്ത ജാഗ്രതാ നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ 27-ന് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചിരുന്നു. ഇത് കൂടുതല്‍ ശക്തി പ്രാപിച്ച്‌ ഒരു ചുഴലിക്കാറ്റാകാനുള്ള സാധ്യതയും നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ആദ്യ ന്യൂന മർദ്ദത്തിന്റെ ഘടനയില്‍ മാറ്റമുണ്ടായി.

ഇന്ന് രാവിലെ ദക്ഷിണ ആൻഡമാനിലും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലും പുതിയ ഒരു ന്യൂനമർദ്ദം രൂപപ്പെടുകയായിരുന്നു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമർദ്ദം 26-ന് (മറ്റന്നാള്‍) തീവ്ര ന്യൂനമർദ്ദമായി മാറാനും 27-ന് ഒരു ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 27-ന് ചെന്നൈ, തിരുവള്ളൂർ, റാണിപേട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മറ്റ് ജില്ലകളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊടുങ്കാറ്റിന് ‘മോന്ത’ എന്ന് പേരിടാൻ തായ്‌ലൻഡ് ശുപാർശ ചെയ്തിട്ടുണ്ട്. തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറുമ്ബോള്‍, അതിനെ ‘ സൈക്ലോണ്‍ മോന്ത’ എന്ന് വിളിക്കും.