സംരക്ഷിക്കപ്പെടേണ്ടത് കുട്ടികളാണ്’;നിഹാലിന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കണ്ണൂർ: തെരുവുനായ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട നിഹാലിന്റെ മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ  കേസെടുത്തു. എ ബി സി പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. തികച്ചും ദാരുണമായ, മനസ്സുലക്കുന്ന സംഭവമാണിതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാർ കെ വി മനോജ് കുമാർ പറഞ്ഞു.

സ്കൂൾ തുറന്ന് കുട്ടികൾ സ്കൂളിലേക്ക് പോകുന്ന സാഹചര്യമാണ്. ഇക്കാര്യത്തിൽ അതോറിറ്റിയുടെ ഭാ​ഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് കമ്മീഷൻ പരിശോധിക്കും. കമ്മീഷന്റെ അധികാര പരിധിയിൽ നിന്നു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ‌ പരമാവധി ചെയ്യും. നിലവിൽ കേസെടുത്തിട്ടുണ്ട്. കുട്ടികളെ നായ്ക്കൾ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ കൂടി കമ്മീഷന്റെ മുന്നിലുണ്ട്. നിലവിൽ ഇപ്പോൾ സുപ്രീം കോടതി മുമ്പാകെ പെൻഡിം​ഗ് ഉള്ള കേസിൽ ബാലാവകാശ കമ്മീഷൻ കൂടെ കക്ഷി ചേരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും.

ഞങ്ങളുടെ ആ​ഗ്രഹം കുട്ടികളുടെ സംരക്ഷണമാണ്, പട്ടികളുടെ സംരക്ഷണമല്ല. കുട്ടികളാണ് സംരക്ഷിക്കപ്പെടേണ്ടത്. പൊതുജനങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത്. ആ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് കമ്മീഷന്റെ അധികാര പരിധിയിൽ നിന്നു കൊണ്ട് ശ്രമിക്കും. ബാലാവകാശ കമ്മീഷൻ ചെയർമാർ കെ വി മനോജ് കുമാർ പറഞ്ഞു.