സംസ്ഥാനത്ത് രണ്ടിടങ്ങളിലായി കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മൂന്നുമരണം.

കൊല്ലം/കോട്ടയം: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മൂന്നുമരണം. കോട്ടയം പമ്പാവാലി കണമലയിലും കൊല്ലം ഇടമുളയ്ക്കലിലുമാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ജീവൻപൊലിഞ്ഞത്. കണമല പുറത്തേല്‍ സ്വദേശികളായ ചാക്കോച്ചന്‍(65), പ്ലാവനാക്കുഴിയിൽ തോമാച്ചൻ, കൊടിഞ്ഞൂല്‍ സ്വദേശി വര്‍ഗീസ് (60) എന്നിവരാണ് മരിച്ചത്.

രാവിലെ എട്ടിന് വീടിന് സമീപം ഇരിക്കുമ്പോഴാണ് ചാക്കോച്ചനെയും ഒപ്പമുണ്ടായിരുന്ന തോമാച്ചനെയും കാട്ടുപോത്ത് ആക്രമിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ബഹളം വച്ചതോടെ കാട്ടുപോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി. ചാക്കോച്ചന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ തോമാച്ചൻ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു.

സംഭവത്തിനു പിന്നാലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കളക്ടർ വരാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.

കൊല്ലം ഇടമുളയ്ക്കലില്‍ വനമേഖലയിൽ നിന്ന് അകലെയുള്ള സ്ഥലത്താണ് കാട്ടുപോത്തിറങ്ങിയത്. രാവിലെ വീട്ടുപറമ്പില്‍ നില്‍ക്കുകയായിരുന്ന വര്‍ഗീസിനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് വർഗീസ് ദുബായില്‍നിന്ന് എത്തിയത്. പ്രദേശത്ത് ഇതുവരെ വന്യജീവി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

തൃശൂരിലും വെള്ളിയാഴ്ച ജനവാസമേഖലയിൽ കാട്ടുപോത്തിറങ്ങിയിട്ടുണ്ട്. ചാലക്കുടി മേലൂര്‍ വെട്ടുകടവ് പ്രദേശത്താണ് രാവിലെ കാട്ടുപോത്തിറങ്ങിയത്. പ്രദേശവാസികളാണ് ആദ്യം പോത്തിനെ കണ്ടത്. നാട്ടുകാര്‍ ബഹളം വെച്ചതോടെ കാട്ടുപോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടിക്കയറി. നിലവില്‍ വെട്ടുകടവ് പാലം കഴിഞ്ഞ് വരുന്ന ഭാഗത്തെ പറമ്പില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കാട്ടുപോത്ത് ആളുകളെ ആക്രമിക്കുകയോ മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.