Latestദേശീയം

ഭര്‍തൃസഹോദരനുനേരെ യുവതി ത്രിശൂലം എറിഞ്ഞു; കൊണ്ടത് 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ തലയില്‍, ദാരുണാന്ത്യം

മഹാരാഷ്ട്രയില്‍ കുടുംബവഴക്കിനിടെ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയില്‍ ത്രിശൂലം തറച്ച്‌ കയറിയതിനെ തുടർന്ന് മരിച്ചു.പൂനെയില്‍ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കെഡ്ഗാവിലെ അംബേഗാവ് പുനരധിവാസ കോളനിയിലാണ് സംഭവം. അവ്ധുത് മെങ്‌വാഡെ എന്ന കുട്ടിയാണ് മരിച്ചത്. കുടുംബവഴക്കിനിടെ യുവതി ഭർതൃസഹോദരനുനേരെ എറിഞ്ഞ ശൂലമാണ് പിഞ്ച് കുഞ്ഞിന്റെ തലയില്‍ തറച്ച്‌ കയറിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കളെയും അവരുടെ സഹോദരനെയും ഭാര്യയെയും ചോദ്യംചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പൊലീസ് പറയുന്നത്, പല്ലവി മെങ്‌വാഡെയും ഭർത്താവ് സച്ചിൻ മെങ്‌വാഡെയും തമ്മില്‍ കുടുംബപ്രശ്നങ്ങളുടെ പേരില്‍ വഴക്കാരംഭിച്ചു. കലിമൂത്ത് കയ്യാങ്കളിയുടെ വക്കിലെത്തിയപ്പോള്‍ സച്ചിന്റെ സഹോദരൻ നിതിൻ വിഷയത്തില്‍ ഇടപെടുകയും ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. നിതിന്റെ ഭാര്യ ഭാഗ്യശ്രീയും ഭർത്താവിനൊപ്പം ചേർന്നു. ഇവരുടെ ഇടപെടല്‍ പല്ലവിക്ക് സഹിക്കാൻ കഴിഞ്ഞില്ല. കലികയറിയ അവർ അവിടെയുണ്ടായിരുന്ന ത്രിശൂലം എടുത്ത് നിതിനുനേരെ എറിഞ്ഞു.

എന്നാല്‍ അയാള്‍ ഒഴിഞ്ഞുമാറിയതിനാല്‍ ഭാഗ്യശ്രീയുടെ കൈയിലിരുന്ന കുഞ്ഞിന്റെ തലയില്‍ ശൂലം പതിച്ചു. മാരകമായി മുറിവേറ്റ കുഞ്ഞ് തല്‍ക്ഷണം മരിച്ചു. തലയ്‌ക്കേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട്ടിലെത്തുമ്ബോള്‍ ശൂലം കഴുകി വൃത്തിയാക്കിയിരുന്നു. മുറിയിലെ രക്തക്കറ തുടച്ചുമാറ്റിയ നിലയിലായിരുന്നു. ഇത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്നാണ് പൊലീസ് കരുതുന്നത്.പല്ലവി, സച്ചിൻ മെങ്‌വാഡെ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സീനിയർ ഇൻസ്‌പെക്ടർ നാരായണ്‍ ദേശ്മുഖ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന പല്ലവി, സച്ചിൻ, നിതിൻ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. തെളിവുകള്‍ മായ്ക്കാൻ ശ്രമിച്ചുകൊണ്ട് ത്രിശൂലം കഴുകി വൃത്തിയാക്കിയതായും മുറിയിലെ രക്തക്കറകള്‍ തുടച്ചുമാറ്റിയതായും പോലീസ് പറഞ്ഞു. ഫോറൻസിക് സംഘങ്ങള്‍ സ്ഥലം സന്ദർശിച്ച്‌ വിശകലനത്തിനായി സാമ്ബിളുകള്‍ ശേഖരിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു