Latestകേരളം

യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകിയും ഭർത്താവും ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍

യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകിയും ഭർത്താവും ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍. ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്ബില്‍ വീട്ടില്‍ അഖില (31), ഭർത്താവ് ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്ബില്‍ വീട്ടില്‍ ജീവൻ (31), സഹോദരൻ വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടില്‍ അനൂപ് (38) എന്നിവരാണ് അറസ്റ്റിലായത്.തേലപ്പിള്ളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവ് ആത്മഹത്യചെയ്ത സംഭവത്തിലാണ് മൂന്നുപേരെയും ഇരിങ്ങാലക്കുട എസ്‌എച്ച്‌ഒ എം.എസ്. ഷാജന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തന്റെ വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് യുവാവ് ജീവനൊടുക്കിയത്. ഇയാളുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. വിവാഹിതയായ അഖിലയുമായി യുവാവ് പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.

കാമുകന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞ അഖില ഭർത്താവിനെയും സഹോദരനെയും കൂട്ടി യുവാവിന്റെ തേലപ്പിള്ളിയിലെ വീട്ടിലെത്തി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ജനുവരി 22-ന് രാത്രി 8.45-ഓടെയാണ് ഈ സംഭവമുണ്ടായത്. യുവാവിന്റെ ഫോണ്‍ കാമുകിയും സംഘവും ബലമായി പിടിച്ചുവാങ്ങിക്കൊണ്ടു പോയി. ഇതിനു പിന്നാലെ യുവാവിന്റെ വിവാഹം മുടക്കുകയും ചെയ്തു. ഇതിലുമുള്ള മനോവിഷമത്തിലാണ് ആത്മഹത്യചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെത്തുടർന്നാണ് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്. അഖിലയാണ് ഒന്നാംപ്രതി.